vd

കൊച്ചി :കൊവിഡ് കാലം മലയാളിയെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. തമിഴ്‌നാടടക്കം വൈറസ് വ്യാപന ഭീതിയിലായിരിക്കെ, വരും നാളുകളിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മറികടക്കുകയെന്ന സർക്കാർ ലക്ഷ്യം തന്നെയാണ് ഓരോരുത്തരേയും കർഷകനാക്കിയിരിക്കുന്നത്. ഭീതിയുടെ നാളിലും കൃഷിയിൽ പുതിയ പരീക്ഷങ്ങൾ നടത്തി ശ്രദ്ധേയമാകുകയാണ് എറണാകുളം വടക്കേക്കര പഞ്ചായത്ത്. എല്ലാ വീട്ടിലും കൃഷിക്ക് പിന്നാലെ 50 കുടുംബങ്ങളെ ചേർത്ത് നിർത്തി ഏക്കർകണക്കിന് പാട്ട കൃഷി തന്നെ ആരംഭിച്ചിരിക്കികയാണിപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പാട്ടക്കൃഷിയെക്കൂടി പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത തീരുമാനിച്ചത്.

വടക്കൻ പറവൂരിലെ കട്ടത്തുരുത്ത് പ്രദേശത്താണ് സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിക്ക് തുടക്കമിട്ടത്. പറവൂർ എംഎൽഎ വി.ഡി സതീശൻ സുഭിക്ഷ കേരളം പാട്ടക്കൃഷി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത്, കൃഷിഭവൻ, സഹകരണ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, കൃഷി ഗ്രൂപ്പുകൾ, യുവജന പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ സ്വന്തമായി ഭൂമിയുള്ള സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയെ കൂട്ടിയോജിപ്പിച്ച് വിവിധ പച്ചക്കറികൾ ലോക്ക് ഡൗൺ കാലത്ത് കൃഷി ചെയ്യാൻ തീരുമാനിച്ചതോടൊപ്പമാണ് പാട്ടക്കൃഷിക്കും മുൻതൂക്കം നൽകിയിട്ടുള്ളത്.

പാട്ടക്കൃഷിക്കായി 50 കുടുംബങ്ങൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിച്ചു. അത് വഴി 50 രൂപ ഓരോ കുടുംബത്തിൽ നിന്നും മൂലധനം സ്വരൂപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. തരിശായും കാട് പിടിച്ചും കിടന്ന സ്ഥലങ്ങൾ ട്രാക്ടറുകളുടെ സഹായത്തോടെ വൃത്തിയാക്കി നിലമൊരുക്കി. വടക്കേക്കര കൃഷി ഭവൻ സൗജന്യമായി നടീൽ വസ്തുക്കളും വിത്തുകളും നൽകിയും സബ്‌സിഡി നിരക്കിൽ ജൈവ വളങ്ങളും ജൈവ കീടനാശിനികളും നൽകിയും കൃഷിക്കാവശ്യമായ വിദഗ്ധ ഉപദേശങ്ങൾ നൽകിയും പദ്ധതിക്ക് ഉണർവ്വേകുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയുടെ കൃഷി ആരംഭിക്കുകയാണ്. വൈകാതെ കടത്തുരുത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് പാട്ടക്കൃഷി വ്യാപിപ്പിക്കും.