കോലഞ്ചേരി:ലോക്ക് ഡൗൺകാലത്ത് ഇതാ ഒരു വെറൈറ്റി കല്ല്യാണം. രാവിലെ താലി കെട്ടു മുതൽ സമയം നിശ്ചയിച്ചാണ് ബന്ധുക്കളെ പങ്കെടുപ്പിക്കുന്നത്. കങ്ങരപ്പടി സ്വദേശികളായ വീട്ടുകാരാണ് വീട്ടിലെ ആദ്യ വിവാഹം ബന്ധുക്കളെ പങ്കെടുപ്പിക്കാൻ പുതിയ മാർഗം സ്വീകരിച്ചത്. ജില്ലയിലുള്ള ബന്ധുക്കൾക്ക് മാത്രമാണ് ക്ഷണം. ഒരു ടേബിളിൽ രണ്ടാൾക്ക് മാത്രം ഭക്ഷണം. ഹസ്തദാനമോ, സമ്മാനങ്ങളോ വാങ്ങില്ല. ഫോട്ടോ സെഷനുമില്ല. ബന്ധുക്കളുടെ ഫോട്ടോ ഓരോന്നായി എടുത്ത് എഡിറ്റ് ചെയ്ത് ആൽബം തയ്യാറാക്കും. പന്തലിൽ പ്രവേശിക്കും മുമ്പും പിമ്പും സാനിറ്റൈസർ പ്രയോഗം.

#ഓരോ മണിക്കൂറിൽ 20 ബന്ധുക്കൾ

താലി കെട്ടിന് വരന്റെയും വധുവിന്റെയും വീട്ടുകാർ പത്ത് വീതം. താലി കെട്ട് കഴിഞ്ഞ് സദ്യയും കഴിച്ച് അവർ ഒരു മണിക്കൂറിനുള്ളിൽ പിരിയും. അടുത്ത ഒരു മണിക്കൂർ വധുവിന്റെ അടുത്ത ബന്ധുക്കളായ ഇരുപത് പേർക്കുള്ളതാണ്. അവർക്കും ഒരു മണിക്കൂർ. ഇങ്ങനെ രണ്ട് ദിവസം കൊണ്ട് ചടങ്ങ് പൂർത്തിയാക്കാനാണ് വീട്ടുകാരുടെ തീരുമാനം. സമയക്രമം ഇതോടകം ബന്ധുക്കളെ ഫോൺ വഴി അറിയിച്ചു കഴിഞ്ഞു. ഇന്നാണ് വിവാഹം.