തായ്‌പെയ്: ലോകാരോഗ്യ സംഘടനയിൽ പങ്കാളിത്തം ലഭിക്കാൻ ചൈന മുന്നോട്ട് വച്ച് വ്യവസ്ഥ തായ്‌വാൻ തള്ളി. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ചാൽ ഡബ്ല്യു.എച്ച്.ഒയിൽ അംഗത്വം നൽകാമെന്നായിരുന്നു ചൈനീസ് നിർദ്ദേശം. ചൈനയുടെ നിർദേശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് തായ്‌വാൻ ആരോഗ്യ മന്ത്രി ചെൻ ഷിഹ് ചുംഗ് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. തായ്‌വാൻ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം നിരസിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിനിടെ അടുത്തയാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ നിർണായക സമ്മേളനം നടക്കാനിരിക്കെയാണ് ചൈന തായ്‌വാന് മുന്നിൽ വ്യവസ്ഥ വച്ചത്.അതേസമയം, കൊവിഡ് 19 പടരാൻ തുടങ്ങിയത് മുതൽ ചൈനയും ലോകാരോഗ്യ സംഘടനയും വിവരങ്ങൾ നൽകുന്നില്ലെന്നാണ് തായ്‌വാന്റെ പ്രധാന ആരോപണം.ഡബ്ല്യു.എച്ച്.ഒ അംഗത്വമില്ലാത്ത തായ്‌വാൻ ഡബ്ല്യു.എച്ച്.ഒ അസംബ്ലിയിൽ നിരീക്ഷകരായി പങ്കെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇതിനെ ചൈന ശക്തമായി എതിർക്കുകയാണ്. ചൈനയുടെ ഒരു പ്രവിശ്യ മാത്രമാണ് തായ്‌വാനെന്നും പ്രത്യേക രാജ്യമായി കണ്ട് അംഗത്വം നൽകേണ്ടെന്നുമാണ് ചൈനയുടെ നിലപാട്.അമേരിക്കയുടെ ശക്തമായ പിന്തുണയാണ് തായ്‌വാന് ഡബ്ല്യു.എച്ച്.ഒ പങ്കാളിത്തത്തിനായി ശ്രമിക്കാൻ കരുത്ത് പകരുന്നത്.