കൊച്ചി: വഴിയോരത്ത് വിറ്റഴിക്കുന്ന മാസ്‌കുകളിൽ ഭൂരിപക്ഷവും നിർമ്മിക്കുന്നത് കൊവിഡ് ചുവപ്പു മേഖലയിലുള്ള തിരുപ്പൂരിൽ. സൂക്ഷിച്ചില്ലെങ്കിൽ മാസ്‌ക് വ്യാപാരം ദുരന്തമായി മാറുമെന്ന് ആശങ്ക.

മാസ്‌കുകൾ അശാസ്ത്രീയമായി നിർമ്മിക്കുന്നതും അനധികൃതമായി വിൽക്കുന്നതും ഗുരുതരമായ അപകടം വരുത്തുമെന്ന് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

# വഴിയോരമാകെ വില്പന

കവലകളിലും പാതയോരങ്ങളിലും വ്യാപകമായ രീതിയിൽ വിൽക്കുന്ന മാസ്‌ക്കുകൾ അശാസ്ത്രീയമായി നിർമ്മിച്ചവയാണ്. പിടിച്ചു നോക്കിയും മുഖത്ത് വച്ചു നോക്കിയുമൊക്കെയാണ് കച്ചവടം. ഇഷ്ടപ്പെടാത്തവ മടക്കി വില്പനക്കാരന് തിരിച്ചു നൽകുന്നുമുണ്ട്. ഇത് രോഗം വിലയ്ക്ക് വാങ്ങുന്നതിനു തുല്യമാണ്.

# തിരുപ്പൂർ ചുവപ്പിൽ
വിപണിയിൽ ലഭിക്കുന്ന ഭൂരിപക്ഷം തുണി, ബനിയൻ തുണി മാസ്‌ക്കുകളും തമിഴ്നാട്ടിലെ തിരുപ്പൂരിൽ വീടുകളിൽ നിർമ്മിച്ചതാണ്. തിരുപ്പൂർ കൊവിഡ് തുടങ്ങിയത് മുതൽ ചുവപ്പു മേഖലയിലാണ്. കേരളത്തിൽ ദിവസേന 10 ലക്ഷം മാസ്‌കുകൾ വിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഭൂരിപക്ഷവും തെരുവോരങ്ങളിലും അനാരോഗ്യ സാഹചര്യങ്ങളിലാണ് വിൽപ്പന.

# മെഡിക്കൽ വസ്തുവാക്കണം

രോഗപ്രതിരോധ ഉപാധിയായ മാസ്‌കുകൾ രോഗം വഹിക്കാതിരിക്കാൻ മെഡിക്കൽ ഉപകരണമായി കണക്കാക്കി മെഡിക്കൽ ഷോപ്പുകളിൽ മാത്രം വില്പന അനുവദിക്കാവൂവെന്ന് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ, എറണാകുളം ജില്ലാ പ്രസിഡന്റ് പി.വി. ടോമി എന്നിവർ ആവശ്യപ്പെട്ടു.