കൊച്ചി: ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' ഉൾപ്പെടെ ഏഴ് ഇന്ത്യൻ സിനിമകൾ ഓൺലൈൻ പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യും. ലോക്ക് ഡൗൺ പ്രതിസന്ധി മറികടക്കാനാണ് ആഗോളതലത്തിൽ ഡിജിറ്റൽ റിലീസ് എന്ന വിപണനതന്ത്രം.
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സിനിമകളുടെ ആദ്യ പ്രദർശനം. മൂന്ന് മാസത്തിനിടെ 200 രാജ്യങ്ങളിൽ സിനിമ കാണാം. സ്‌മാർട്ട് ടി.വികൾക്കും മൊബൈൽ ഉപകരണങ്ങൾക്കുമുള്ള പ്രൈം വീഡിയോ ആപ്പ്, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റ്‌സ്, ആപ്പിൾ ടിവി എന്നിവയിൽ സിനിമകൾ ഏതുസമയത്തും ആസ്വദിക്കാം. പ്രൈം വീഡിയോയിൽ അംഗത്വമെടുക്കാൻ പ്രതിവർഷം 999 രൂപയോ പ്രതിമാസം 129 രൂപയോ ഓൺലൈൻ വഴി അടയ്ക്കണം. റീലിസാകുന്ന ചിത്രങ്ങൾ കാണാൻ അധിക പണം അടയ്ക്കേണ്ടിവരും.
ചിത്രങ്ങളും റിലീസ് തീയതിയും
സൂഫിയും സുജാതയും (മലയാളം)
റിലീസ് തീയതി നിശ്ചയിച്ചിട്ടില്ല. അദിതി റാവു ഹൈദരിയും ജയസൂര്യയും നായികാ നായകന്മാർ. നാരാണിപ്പുഴ ഷാനവാസാണ് രചനയും സംവിധാനവും. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാണം.
പൊൻമകൾ വന്താൽ (തമിഴ്),
മേയ് 29 മുതൽ. ജ്യോതിക, പാർത്ഥിപൻ, ഭാഗ്യരാജ്, പ്രതാപ് പോത്തൻ, പാണ്ഡിരാജൻ തുടങ്ങിയവർ അഭനയിക്കുന്നു. ജെ.ജെ. ഫ്രെഡ്‌റിക്ക് രചനയും സംവിധാനവും. നായിക ജ്യോതികയുടെ ഭർത്താവ് നടൻ സൂര്യയും നിർമ്മാതാക്കളിൽ ഒരാളാണ്.
ഗുലാബോ സിതാബോ (ഹിന്ദി)
ജൂൺ 12 മുതൽ. അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുരാന തുടങ്ങിയവർ താരനിരയിൽ. രചന ജൂഹീ ചതുർവേദി. സംവിധാനം ഷൂജിത്ത് സർക്കാർ.
ലോ (കന്നഡ)
ജൂൺ 26 മുതൽ. രാഗിണി ചന്ദ്രൻ, സിരി പ്രഹ്ലാദ്, മുഖ്യമന്ത്രി ചന്ദ്രു തുടങ്ങിയവർ അഭിനയിക്കുന്നു. രചനയും സംവിധാനവും രഘു സമർത്ഥ്.
പെൻഗ്വിൻ (തമിഴ്, തെലുങ്ക്)
ജൂലായ് 19 മുതൽ. നായിക മലയാളിയായ കീർത്തി സുരേഷ്. രചനയും സംവിധാനവും ഈശ്വർ കാർത്തിക്ക്.
ഫ്രഞ്ച് ബിരിയാണി (കന്നഡ)
ജൂലായ് 24 മുതൽ. ധനീഷ് സെയ്ത്, സാൽ യൂസഫ്, പിറ്റോബാഷ് എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. രചന അവിനാഷ് ബലേകല. സംവിധാനം പന്നഗ ഭരണ.
ശകുന്തള ദേവി (ഹിന്ദി)
റിലീസ് തീയതി പിന്നീട്. എഴുത്തുകാരിയും ഗണിതശാസ്ത്രജ്ഞയുമായിരുന്ന ശകുന്തള ദേവിയുടെ ജീവിതമാണ് ഇതിവൃത്തം. നായിക വിദ്യാ ബാലൻ. രചന നയാനിക മഹാനി, അനുമേനോൻ. സംവിധാനം അനു മേനോൻ.