കൊച്ചി: മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടു വരുന്നതിലും അവർക്ക് സുരക്ഷയൊരുക്കുന്നതിലും നിരീക്ഷണം ഏർപ്പെടുത്തുന്നതിലും സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. തിരികെ വരുന്ന മലയാളികൾക്കായി സംസ്ഥാനത്തെ ആറ് അതിർത്തികളിലും പ്രത്യേകിച്ച് വാളയാറിൽ യാതൊരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല.രോഗബാധിതരുടെ എണ്ണം കുറച്ചു കാട്ടി കൈയ്യടി നേടാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മറ്റു സംസ്ഥാനങ്ങളിലെ പോലെ വ്യാപകമായി കൊവിഡ് ടെസ്റ്റുകൾക്ക് വേണ്ട സൗകര്യമൊരുക്കാത്തതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചുവരാൻ കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ തിരക്ക് ഒഴിവാക്കാമായിരുന്നു. നാലു ലക്ഷം പേർക്ക് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വരുന്നവരെ ഉൾക്കൊള്ളാനാവാതെ വിഷമിക്കുകയാണ്. ഇതാണ് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നം. ഇതിൽ സ്വാഭാവികമായി ഇടപെടുന്ന ജനപ്രതിനിധികളെ അപമാനിക്കാനും തരംതാഴ്ത്താനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയക്കളി നടത്തുന്നത് സി.പി.എം തന്നെയാണ്. ജനപ്രതിനിധികളെ ക്വാറന്റൈനിൽ വിടുന്നതിന് തങ്ങൾ സ്വാഗതം ചെയ്യുന്നു. എങ്കിലും ഇക്കാര്യത്തിൽ ആദ്യ പ്രഖ്യാപനം വന്നത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ വകയാണെന്നത് അവരുടെ തരംതാണ രാഷ്ട്രീയ കളിയാണ്.
കേരളത്തിൽ റാപിഡ് ടെസ്റ്റിന് സൗകര്യമൊരുക്കാൻ യു.ഡി.എഫ് എംപിമാർ ഫണ്ട് അനുവദിച്ചിട്ടും അത് സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. നാട്ടിലേക്ക് തിരിച്ചെത്തുന്ന മലയാളികൾക്ക് സൗകര്യമൊരുക്കുന്നതിന് പകരം ബാറുകൾ തുറക്കാനാണ് സർക്കാരിന് താൽപര്യം. ബാറുടമകൾക്ക് ആനുകൂല്യം നൽകുന്നതിന് പിന്നിൽ എന്തെങ്കിലും ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.