കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിൽ ദുർബലമായ വീടുകൾ നന്നാക്കുന്നതിന് ജനപങ്കാളിത്വത്തോടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. രണ്ടു വീടുകൾ കേടുപാടുകൾ തീർത്ത് സുരക്ഷിതമാക്കുന്നതിന് സ്‌പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ വീടിനുള്ള തുക വീട്ടുടമക്ക് കൈമാറിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.കോളനിയിലെ 14 വീടുകളിൽ ഏഴ് വീടുകളിൽ മാത്രമാണ് ഇന്ന് താമസം ഉള്ളത്. ഏറ്റവും മോശമായ അവസ്ഥയിലുള്ള ഒറ്റമുറി വീടുകളാണ് ഇവിടയുള്ളത്.അപേക്ഷ നൽകി നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സുതാര്യ കേരളം പരിപാടിയിൽ നൽകിയ പരാതിയെ തുടർന്നാണ് ഏഴ് കുടുംബങ്ങളിൽ നാല് കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നത്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങൾക്കും കൂടി പട്ടയം ലഭ്യമാക്കുന്നതിന് നടപടികൾ അവസാന ഘട്ടത്തിലാണ്. പട്ടയം കിട്ടിയ നാല് കുടുംബങ്ങൾക്കും വീട് നിർമ്മിക്കുന്നതിന് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.