കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി തേവര കായൽമുഖത്തെ ചെളിനീക്കം ആരംഭിച്ചു. വർഷങ്ങളായി കായൽമുഖത്തടിഞ്ഞ എക്കലാണ് വലിയ ഹിറ്റാച്ചിയും ബാർജും ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. പ്രധാന തോടുകളിലൂടെ കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനമാണിത്.തേവര കായൽമുഖത്തെ ചെളി നീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കോർപ്പറേഷൻ തിരക്കിട്ട് നടത്തുന്ന ചെളികോരലും കായൽമുഖത്തേക്ക് എത്തിയിരുന്നില്ല.
# ഒഴുക്ക് സുഗമമാകും
ചിലവന്നൂർ, പേരണ്ടൂർ കായൽമുഖങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാസാവസാനത്തോടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. കായൽമുഖങ്ങളിലെ ചെളിനീക്കുന്നതോടെ വേലിയിറക്ക സമയത്ത് നഗരത്തിലെ മഴവെള്ളം പുറത്തേക്ക് ഒഴുകാത്ത അവസ്ഥയ്ക്ക് പരിഹാരമാകും.
തേവര കായൽമുഖത്തെ തടസങ്ങൾ മാറുന്നതോടെ കോയിത്തറ കനാലിലെത്തുന്ന വെള്ളം കായലിലേക്ക് ഒഴുകിയെത്തും. ഇതോടെ കടവന്ത്ര, കൊച്ചു കടവന്ത്ര, പനമ്പിള്ളിനഗർ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും. തേവരയിൽ ഒരു ബാർജും ഹിറ്റാച്ചിയും കൂടി എത്തിച്ച് പ്രവൃത്തി ഉടൻ പൂർത്തിയാക്കും. ബാർജുകളിൽ കരയ്‌ക്കെത്തിക്കുന്ന ചെളി ബ്രഹ്മപുരത്തേക്ക് നീക്കം ചെയ്യും. തേവര കായൽമുഖം വൃത്തിയാക്കുന്നതിന് 93 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
#പണികൾ മാപ്പ് അടിസ്ഥാനമാക്കി
. നഗരത്തിലെ പ്രധാനതോടുകൾ കേന്ദ്രീകരിച്ചാണ് ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ.
നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസമില്ലാതെ ഒഴുക്കുന്നതിനാണ് ഈ ഘട്ടത്തിൽ ഊന്നൽ
കോയിത്തറ കനാൽ, ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസങ്ങൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു