കൊച്ചി: കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ( സി.എസ്.എം.എൽ ) കീഴിലുള്ള സ്മാർട്ട് റോഡുകളുടെയും ഇതര റോഡുകളുടെയും നിർമ്മാണം ജൂലായിൽ പൂർത്തിയാകും. നഗരത്തിലെയും പശ്ചിമകൊച്ചിയിലെയും നൂറു റോഡുകളുടെ വികസനമാണ് സി.എസ്.എം.എൽ ഏറ്റെടുത്തിരിക്കുന്നത്. 51.52 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിന് വേണ്ടി 197.34 കോടി രൂപയാണ് ചെലവഴിക്കുന്നത്.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് സി.എസ്.എം.എൽ അധികൃതർ പറഞ്ഞു. വെള്ളക്കെട്ട് നിവാരണത്തിന്റെ ഭാഗമായി സുഭാഷ് ബോസ് പാർക്കിന് കുറുകെ പുതിയ കൽവെർട്ടിന്റെ നിർമ്മാണം നടന്നുവരികയാണ്.ഡർബാർ ഹാൾ, എബ്രഹാം മാടമാക്കൽ റോഡ്, മേനക ജംഗ്ഷൻ, ഷൺമുഖം റോഡ് എന്നിവിടങ്ങളിലെയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മാർച്ചിൽ തന്നെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് സി.എസ്.എം.എൽ സി.ഇ.ഒ യായ അൽക്കേഷ്‌കുമാർ ശർമ്മ പറഞ്ഞു. വെള്ളക്കെട്ട് പ്രശ്നത്തിന് ദീർഘകാല പരിഹാരമായി കാനകളിലെ ചെളി കോരി ഒഴുക്ക് സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.