കൊച്ചി: പുതിയ കൊവിഡ് രോഗികളില്ലെങ്കിലും എറണാകുളത്ത് കൂടുതൽ പേരെ ഇന്നലെ നിരീക്ഷണത്തിലാക്കി. 540 പേർ വീടുകളിലും 11 പേർ ആശുപത്രികളിലുമാണ്. കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് എറണാകുളം മെഡിക്കൽ കോളേജിലാണ് ചികിത്സ.
ജില്ലയിലാകെ 3,270 പേരാണ് നിരീക്ഷണത്തിൽ. ഇവരിൽ 38 പേർ ആശുപത്രികളിലാണ്. വിദേശങ്ങളിൽ നിന്നും ട്രെയിനുകളിലും കപ്പലിലും എത്തിയ 555 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 27 പേരെ ഇന്നലെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
രോഗി ജിദ്ദയിൽ നിന്നെത്തിയത്
കൊല്ലത്ത് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 36 കാരൻ ജിദ്ദയിൽ നിന്ന് ഈ മാസം 14 ന് കൊച്ചിയിൽ വിമാനം ഇറങ്ങിയതാണ്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ആകെ നാലു പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്.
19 സ്ഥാപനങ്ങൾക്കെതിരെ നടപടി
ലോക്ക് ഡൗൺ ഇളവുകൾ പ്രകാരം തുറന്ന കൊച്ചി നഗരത്തിലെ 19 സ്ഥാപനങ്ങൾ വ്യവസ്ഥകൾ ലംഘിച്ചത് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കണ്ടെത്തി. ഇവർക്കെതിരെ നടപടിക്ക് സ്ക്വാഡ് ജില്ലാ ഭരണകൂടത്തിന് ശുപാർശ നൽകി. 64 സ്ഥാപനങ്ങൾ ഇന്നലെ സ്ക്വാഡ് പരിശോധിച്ചു.
ജില്ലയിലെ മാർക്കറ്റുകളിലെത്തിയ 88 ചരക്കുലോറികളിലെ 92 ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. പരിശോധനയിൽ ആർക്കും കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയില്ല. അവരിൽ 51 പേരുമായി കൊവിഡ് കൺട്രോൾ റൂം ബന്ധപ്പെട്ടു.
നിരീക്ഷണത്തിൽ
ആകെ 3,270
ഹൈ റിസ്ക് 29
ലോ റിസ്ക് 3241
എറണാകുളം മെഡിക്കൽ കോളേജ് 19
കരുവേലിപ്പടി താലൂക്ക് ആശുപത്രി 1
മൂവാറ്റുപുഴ ജനറൽ ആശുപത്രി 1
സ്വകാര്യ ആശുപത്രികൾ 17
ആശുപത്രി വിട്ടവർ
എറണാകുളം മെഡിക്കൽ കോളേജ് 5
സ്വകാര്യ ആശുപത്രികൾ 4
പരിശോധന
പോസിറ്റീവ് 00
നെഗറ്റീവ് 24