വൈപ്പിൻ: നായരമ്പലം പത്താം വാർഡിലെ മാനാട്ട്പറമ്പ് ഈസ്റ്റ് തേങ്ങാത്തറ റോഡിൽ സ്വകാര്യവ്യക്തികൾപഞ്ചായത്ത് റോഡും തോടുകളും കൈയ്യേറി അനധികൃത നിർമ്മാണം നടത്തുന്നതായി പരാതി.മിനി ബസ്, നിസ്സാൻ വണ്ടികൾ പോയിരുന്ന റോഡിൽ നിലവിൽ ഓട്ടോറിക്ഷ പോലും ഓടിക്കാൻ പറ്റാത്ത സാഹചര്യമായി. നിർമ്മാണ ചട്ടങ്ങൾപാലിക്കാതെയുള്ളപ്രവൃത്തികൾ മൂലം വൃദ്ധരായ രോഗികൾ, വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, ജോലിക്കായി പോകുന്നവർ എന്നിവർ നിത്യേന യാത്ര ചെയ്യുന്ന ഈ റോഡ് പുനർനിർമ്മാണം നടത്താത്തതും വിനയായി. സ്വകാര്യവ്യക്തികളുടെ കൈയ്യേറ്റങ്ങൾ മൂലം പൊതുഗതാഗതം തടസപ്പെടുന്ന അവസ്ഥയിലായി. തോടിൻറെ രണ്ട് വശത്തും കരിങ്കല്ല് കൊണ്ട് റീട്ടെയിനിഗ് വാൾ കെട്ടി സൈഡിൽ മണ്ണിട്ട് നികത്തി കാണയാക്കി.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിക്കാൻ ഉദേശിക്കുന്ന ഹെർബർട്ട് പാലം റോഡ് ഉൾപ്പെടെ പത്താം വാർഡിലെ പഞ്ചായത്ത് റോഡുകൾ താലൂക്ക് സർവ്വേയറുടെ സാന്നിദ്ധ്യത്തിൽ അളന്ന് തിരിക്കണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും പത്താം വാർഡ് ജനകീയ വികസനസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്തിന് പരാതിയും നല്കിയിട്ടുണ്ട്.തോട് ചുരുക്കിയെടുത്ത് കാനയാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ആരും പരാതിപ്പെട്ടിട്ടില്ലയെന്നും പത്താം വാർഡ് മെമ്പർ ജെസി പറഞ്ഞു.