toddy
സാമൂഹിക അകലം പാലിക്കാൻ കള്ള് ഷാപ്പിന് മുന്നിൽ കളം വരച്ചിരിക്കുന്നു

കോതമംഗലം: താലൂക്കിലെ ലൈസൻസുള്ള 75 കള്ളുഷാപ്പുകളിൽ കഴിഞ്ഞ ദിവസം തുറന്നത് നാല് എണ്ണം മാത്രം. സാമൂഹിക അകലം പാലിച്ച് മാസ്ക്ക് ധരിച്ച് കുപ്പിയുമായി എത്തുന്നവർക്ക് മാത്രമെ കള്ള് ലഭിക്കൂ. അഞ്ച് പേരിൽ കൂടുതൽ ചെന്നാൽ കള്ള് നൽകില്ല. എന്നാൽ നിബന്ധനകൾ പാലിച്ച് ഷാപ്പിന് സമീപം എത്തുമ്പോൾ കള്ള് റേഷൻ അളവ് പോലെയാണ് നൽകുന്നത്. മാത്രമല്ല എക്സൈസ് ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണവും.ഷാപ്പുകൾ തുറക്കാൻ അനുമതി ആയെങ്കിലും ആവശ്യത്തിന് കള്ള് കിട്ടാത്തതു കൊണ്ട് ഭൂരിഭാഗം ഷാപ്പുകളും രണ്ടാം ദിവസവും തുറന്നില്ല. പാലക്കാടൻ കള്ളിനുള്ള പെർമിറ്റും ശരിയായിട്ടില്ലെന്ന് എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടി.

കള്ളിന്റെ ലഭ്യത കുറവ്

പാലക്കാട്ട് നിന്ന് ദിവസേന 3000 ലിറ്റർ കള്ള് എത്തിയിരുന്നിടത്ത് ഇപ്പോൾ 200 ലിറ്റർ മാത്രമാണ് എത്തുന്നത്. കള്ള് ഷാപ്പിൽ എത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുകയും ചെയ്തു ഷാപ്പുകൾ തുറക്കാൻ ലൈസൻസികൾ മടിക്കുന്നത് പാലക്കാടൻ കള്ളിന്റെ ലഭ്യതക്കുറവ് മൂലമാണ്. പ്രദേശികമായി കിട്ടുന്ന 25 ലിറ്റർ കള്ളു കൊണ്ടാണ് രണ്ട് ദിവസം ഷാപ്പുകൾ പ്രവർത്തിക്കുന്നത്. മാത്രമല്ല തൊഴിലാളികളുടെ ക്ഷാമവും പരിഹരിക്കാനുണ്ട്. ഓരോ റേഞ്ചിൽ നിന്നും പാലക്കാട്ട് ചെത്തുന്ന തൊഴിലാളികൾക്ക് പുറമെ തമിഴ്നാട്ടിൽ നിന്നുള്ളവരുമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ പൂർണമായും എത്തിയാലെ ഉദ് പാദനം പൂർണ തോതിൽ ആകുകയുള്ളു.

#ഷാപ്പിലും സുരക്ഷ

കോതമംഗലം കുട്ടമ്പുഴ റേഞ്ച് പരിധിയിലെ മാമലക്കണ്ടം, നെല്ലിമറ്റം, ഊന്നുകൽ, വെണ്ടുവഴി എന്നിവിടങ്ങളിലെ ഷാപ്പുകൾ മാത്രമാണ് തുറന്നത്. പലരും നിരാശയോടെ തിരികെ പോകേണ്ടി വന്നു. ഷാപ്പിനുള്ളിൽ ഇരുന്ന് കുടിക്കുവാൻ എക്സൈസ് അനുമതി നൽകിയിരുന്നില്ല. വീഴ്ചകണ്ടെത്തിയാൽ ഷാപ്പ് പുട്ടുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിം പറഞ്ഞു.