ആലുവ: സ്വർണം നൽകാമെന്നു പറഞ്ഞ് പണം കൈപ്പറ്റിയിട്ടും ലഭിക്കാത്തതിന്റെ പേരിൽ ഇടനിലക്കാരനെ തട്ടിക്കൊണ്ടു പോയി വീട്ടു തടങ്കലിലാക്കിയ കേസിൽ രണ്ട് പേർകൂടി പിടിയിലായി. വെളിയത്തുനാട് കണ്ടത്തിപറമ്പിൽ വീട്ടിൽ എ.എ. ഉമൈർ (45), കോട്ടപ്പുറം ചെങ്ങനാലിൽ വീട്ടിൽ ബിന്നു (33) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സേലം ഭാരതി നിലയത്തിൽ താമസിക്കുന്ന പാലക്കാട് ചിറ്റൂർ നെല്ലിയാമ്പതി ഓറിയന്റൽ എസ്റ്റേറ്റിൽ ധനസിംഗിനെ (56) തട്ടികൊണ്ടു പോയ ശേഷം തിരുവനന്തപുരം വിളപ്പിൽശാല പേയാട് അഞ്ജനത്തിൽ മുരളികൃഷ്ണൻ (33) വാടകയ്ക്ക് താമസിക്കുന്ന എടയപ്പുറം കോട്ടേക്കാട് റോഡിലെ വീട്ടിൽ മർദ്ദിച്ച് തടങ്കലിലാക്കിയത്. മുരളീകൃഷ്ണനെ സംഭവ സ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കത്തി, എയർ പിസ്റ്റൾ, കാർ എത്തിവ പിടിച്ചെടുത്തു. മുരളീകൃഷ്ണനൊപ്പം ധനസിംഗിനെ തടങ്കലിലാക്കാൻ കൂട്ടുനിന്നവരാണ് പിടിയിലായ ഉമ്മറും ബിന്നുവും. റൂറൽ എസ്.പി കെ. കാർത്തികിന്റെ നിർദ്ദേശ പ്രകാരം എടത്തല സി.ഐ. പി.ജെ. നോബിളും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അഞ്ച് കിലോ സ്വർണത്തിനായി ധനസിംഗ് മുഖേന മറ്റൊരാൾക്ക് ഏഴ് ലക്ഷം രൂപ മുരളീകൃഷ്ണൻ കൈമാറിയിരുന്നു. ലോക്ക് ഡൗൺ ആയതോടെ നിശ്ചിത സമയത്ത് സ്വർണം ലഭിക്കാതിരുന്നതിനെ തുടർന്ന് ധനസിംഗിനെ ബുധനാഴ്ച് രാവിലെ 11.30ഓടെ കലൂർ കതൃക്കടവ് ഭാഗത്തേക്ക് മുരളീകൃഷ്ണനും സംഘവും വിളിച്ചുവരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.