ആലുവ: നഗരസഭ പാർക്കിൽ കുപ്പിവെള്ള നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനെതിരെ കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി വീണ്ടുംരംഗത്തെത്തി. കോൺഗ്രസ് തനിച്ച് ഭരിക്കുന്ന നഗരസഭ തീരുമാനത്തിനെതിരെയാണ് കമ്മിറ്റി നിലപാടെടുത്തിരിക്കുന്നത്.

കോൺഗ്രസ് ഭരിച്ച മുൻ കൗൺസിലുകളുടെ സ്വപ്ന പദ്ധതിയായിരുന്നു മുനിസിപ്പൽ പാർക്കെന്നും അവിടെ നഗരസഭ കുപ്പിവെള്ള നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത് ശരിയല്ലെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ പറഞ്ഞു. ഈ കുപ്പിവെള്ള പദ്ധതി നഗരത്തിലെ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റണം. നേരത്തെ മുനിസിപ്പൽ ലൈബ്രറിയോട് ചേർന്നാണ് കുപ്പിവെള്ള പ്ലാന്റിനായി സ്ഥലം കണ്ടെത്തിയിരുന്നത്. എന്നാൽ എതിർപ്പിനെ തുടർന്ന് ഈ സ്ഥലം ഉപേക്ഷിച്ചു. പിന്നീടാണ് മുനിസിപ്പൽ പാർക്കിനോട് ചേർന്ന സ്ഥലം കണ്ടെത്തിയത്.

ഭരണസമിതി പാർട്ടിയോട് ആലോചിക്കാതെയാണ് ഈ സ്ഥലം പ്രഖ്യാപിച്ചത്. ജനങ്ങൾ ഈ തീരുമാനത്തിന് എതിരാവുമെന്ന് ഭരണ സമിതി ചിന്തിക്കേണ്ടിയിരുന്നുവെന്ന് ഫാസിൽ ഹുസൈൻ പറഞ്ഞു.