കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ല ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി ചങ്ങാടംപോക്ക് തോട് വൃത്തിയാക്കിയതോടെ വഴിയടഞ്ഞ് രണ്ട് കുടുംബങ്ങൾ. ഇടപ്പള്ളി ബി.ടി.എസ്. റോഡിൽ ചങ്ങാടംപോക്ക് തോടിന് സമീപം താമസിക്കുന്ന രണ്ട് വീട്ടുകാരാണ് തോടിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞതോടെ പുറത്തേക്കിറങ്ങാൻ നിർവാഹമില്ലാത്ത അവസ്ഥയിലായത്. രണ്ടുവീട്ടിലേക്കുള്ള ഏകവഴികൂടിയായിരുന്നു ഇത്. അമ്പലത്തറ എ.സി. ശിവദാസൻ, അയൽവാസിയായ റോസമ്മ എന്നിവരുടെ വീട്ടിലേക്കുള്ള നടവഴിയായിരുന്നു ഇത്. 43 വർഷത്തോളമായി ഇരുവരും ഇവിടെയാണ് താമസിക്കുന്നത്. തകർന്ന് കിടക്കുന്ന നടവഴിയിലൂടെയാണ് ഇപ്പോൾ അത്യാവശ്യ കാര്യങ്ങൾക്കായി ഈ കുടുംബങ്ങൾ പോകുന്നത്.
തോട്ടിലേക്ക് വീഴുമെന്ന ഭയത്താൽ സ്ത്രീകൾ പുറത്തേക്കുള്ള യാത്ര വേണ്ടെന്നു വച്ചു. ലോക്ക് ഡൗണായതിനാൽ തത്ക്കാലം പ്രശ്നങ്ങളില്ല. എന്നാൽ അടുത്ത ആഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ വന്നാൽ തങ്ങൾ എങ്ങനെ ജോലിക്ക് പോകുമെന്നതാണ് രണ്ടു വീടുകളിലെയും സ്ത്രീകളുടെ പ്രശ്നം.
സമീപത്ത് ഇരുമ്പ് പോസ്റ്റുകൊണ്ടുള്ള ഒരു പാലവും ഉണ്ട്. എന്നാൽ മഴത്തുടങ്ങിയാൽ ഇരുമ്പുപാലം മുങ്ങിപ്പോകും, കൂടാതെ ഇടിഞ്ഞ വഴിയിലൂടെ നടക്കാനും പ്രയാസമാകും. നടപ്പാത ഇടിയാനുള്ള സാദ്ധ്യതയുണ്ടെന്നും വശം ചേർത്ത് യന്ത്രം ഉപയോഗിക്കരുതെന്നും ജോലിക്കാരോട് പ്രത്യേകം പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് താമസക്കാർ പറഞ്ഞു. മഴതുടങ്ങിയാൽ വീടിന് വെളിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാകും. ചങ്ങാടംപോക്ക് തോടിലെ ചെളി കോരി വൃത്തിയാക്കി ആഴം കൂട്ടുന്ന ജോലികളാണ് ഇവിടെ നടന്നിരുന്നത്.