കൊച്ചി : സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഐ.എം.എയും ഐ.എ.പിയും ചേർന്ന് പഠനം നടത്തി റിപ്പോർട്ട് പുറത്തിറക്കി. സ്കൂൾ തുറന്നാൽ ഉണ്ടായേക്കാവുന്ന കൊവിഡ് കേസുകൾ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള അംഗബലം സ്കൂൾ സ്റ്റാഫിന് ഉണ്ടായിരിക്കണമെന്നും പഠനം സൂചിപ്പിക്കുന്നു.ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനെ കുറിച്ചും പൊതുപരീക്ഷകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിപ്പോർട്ടിലുണ്ട്.
20 നിർദ്ദേശങ്ങൾ
1. ഒരു മീറ്റർ അകലം പാലിക്കാൻ ഒരു ക്ളാസിനെ 20-25 കുട്ടികൾ വീതമുള്ള രണ്ട് ബാച്ചാക്കുക.
2.തിങ്കൾ മുതൽ വെള്ളി വരെ ഷിഫ്റ്റ്. ആദ്യ ബാച്ചിന് രാവിലെ 8 മുതൽ 12 വരെ, രണ്ടാമത്തെ ബാച്ചിന് ഉച്ചയ്ക്ക് 12.30 മുതൽ 4.30 വരെ. ശനിയാഴ്ച ക്ലാസുകൾ ഓൺലൈനിൽ മാത്രം
3. സ്‌കൂൾ കവാടത്തിലും ക്ലാസ് മുറികളിലും കൈകൾ വൃത്തിയാക്കൽ
4.ഓരോ ക്ലാസിനും വ്യത്യസ്ത സമയങ്ങളിൽ ഇടവേള.
5. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾ അടുത്തിടപഴകുന്നത് ഒഴിവാക്കുക. 6. സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണം കുട്ടികളുടെ പാത്രങ്ങളിൽ കൊടുത്തുവിടുക.
7. സ്‌കൂൾ ബസുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക. സ്വകാര്യ വാഹനങ്ങളിൽ കൂട്ടമായി സഞ്ചരിക്കാതെ നോക്കുക.
8. സ്‌കൂൾ അസംബ്ലിയും മറ്റും സ്പീക്കറുകൾ വഴിയാക്കുക.
9. പറ്റുമെങ്കിൽ ക്ലാസ് ടീച്ചർമാരെയും വിദ്യാർത്ഥികളെയും കഴിഞ്ഞ അദ്ധ്യയന വർഷത്തെ പോലെ തുടരാൻ അനുവദിക്കുക.
10. കൈ കഴുകുന്നതിനെക്കുറിച്ചും മാസ്‌ക് കൃത്യമായി ധരിക്കുന്നതിനെ കുറിച്ചും കുട്ടികളെ ബോധവത്കരിക്കുക
11. കൈ കഴുകുമ്പോൾ വെള്ളം പാഴാക്കാതിരിക്കാൻ കുട്ടികളെ ബോധവത്കരിക്കുക.
12. പനി, ചുമ, തൊണ്ടവേദന തുടങ്ങിയവയുള്ള കുട്ടികളെപൂർണ്ണമായും ഭേദമാകാതെ ക്ലാസിലേക്ക് വിടാതെ നോക്കുക.
13. വിദേശത്ത് നിന്ന് വന്നവർ വീട്ടിലുണ്ടെങ്കിൽ ക്വാറന്റൈൻ സമയം കഴിയുന്നത് വരെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്
14. ശുചിമുറികൾ വൃത്തിയുള്ളതാവണം
15. സ്‌കൂൾ കാന്റീനുകൾ അടച്ചിടണം
16.പി.ടി.എ മീറ്റിംഗുകൾ ഓൺലൈനായോ ഫോണിലൂടെയോ മാത്രം.
17. സ്‌കൂളിൽ വാട്ടർ ബെൽ, ടോയ്‌ലെറ്റ് ബെൽ എന്നിവ ഇടവേളകളിൽ നൽകണം.
18. അറ്റൻഡസ്, ടെസ്റ്റ് പേപ്പർ എന്നിവയിൽ പുതിയ മാനദണ്ഡം.
19. സ്‌കൂളുകളിൽ കൗൺസിലിംഗ് പോലുള്ളവ നടത്തണം
20. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണം.