ആലുവ: കാലവർഷം ശക്തമാകുന്നതിന് മുമ്പ് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി നിവേദനം നൽകി. സെക്രട്ടറി സാബു പരിയാരത്ത്, ഭാരവാഹികളായ എ.വി. റോയി, ജോൺസൻ മുളവരിക്കൽ, ആഷിഫ് മുഹമ്മദ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ, ജില്ലാ ദുരന്തനിവാരണ അതോറിട്ടി എന്നിവർക്കും നിവേദനത്തിന്റെ പകർപ്പ് കൈമാറി.
2018-19 വർഷങ്ങളിൽ ശക്തമായ കാലവർഷത്തെ തുടർന്ന് അണക്കെട്ടുകൾ തുറക്കുകയും ആലുവയുൾപ്പെടെ ജില്ലയുടെ വിവിധ പ്രദേശങ്ങൾ പ്രളയത്തിലായതുമാണ്. തുടർന്ന് പെരിയാറിലും പെരിയാറിന്റെ കൈവരികളുൾപ്പെടുന്ന തോടുകളിലും കാനകളിലും ചെളി നിറഞ്ഞുകിടക്കുകയാണ്. കാനകളുടെ ശുചീകരണം നടത്താത്തതിനാൽ കാലവർഷം ശക്തമായാൽ ഇവിടെ വെള്ളപ്പൊക്ക സാദ്ധ്യത കൂടുതലാണ്.