ആലുവ: കൊവിഡ് രോഗവ്യാപന സാഹചര്യത്തിലും സർവകലാശാലകൾ പരീക്ഷകളുമായി മുന്നോട്ട് പോകുന്നതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കീഴ്മാട് യൂണിറ്റ് ഗവർണർക്ക് കത്തയച്ചു. മെയ് ഒന്നിന് പരീക്ഷകൾ ആരംഭിക്കുമെന്ന് കേരള യൂണിവേഴ്‌സിറ്റിയും, മെയ് 26 മുതൽ പരീക്ഷകൾ നടത്തുമെന്ന് എം.ജി. യൂണിവേഴ്‌സിറ്റിയും പ്രഖ്യാപിച്ച സഹാചര്യത്തിലാണ് കെ.എസ്.യു പ്രതിഷേധവുമായി രംഗത്തെത്തിയത്.യു.ജി.സി നിർദ്ദേശം ജൂലൈ മുതൽ പരീക്ഷകൾ ആരംഭിച്ചാൽ മതിയെന്നായിരുന്നു. എന്നാൽ സർക്കാരും സർവകലാശാലയും പരീക്ഷ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ വിവിധ വിഷയത്തിലുള്ള അവ്യക്തത നിലനിൽക്കുകയാണ്. വിദ്യാർത്ഥികൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനെയോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിക്കുന്നതിനെയോ കുറിച്ച് സർക്കാർ മിണ്ടുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പി. സിയാദ്, കീഴ്മാട് പഞ്ചായത്ത് മെമ്പർ അനുകുട്ടൻ, നിജാസ് കുട്ടമശ്ശേരി എന്നിവർ പ്രസംങ്കിച്ചു. അക്ഷയ് അശോക്, എബിൻ ക്രിസ്റ്റഫർ , അജ്മൽ, നവീൻ സുരേഷ് എന്നിവർ നേതൃത്വം കൊടുത്തു.