ആലുവ: നാട്ടിലെ ക്ഷേത്ര കലാപരിപാടികൾക്കും തൈക്കാവിലെ നോമ്പുതുറക്കുമായി കരുതിവച്ച അര ലക്ഷം രൂപ കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലെ നിർദ്ധനർക്ക് ഭക്ഷ്യധാന്യ കിറ്റുകൾക്കായി ചെലവഴിച്ച് പൊതുപ്രവർത്തകൻ മാതൃകയായി. കടുങ്ങല്ലൂർ മേഖലാ റെസിഡന്റ്സ് അസോസിയേഷൻ ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളിയാണ് കടുങ്ങല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ 135 കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ ഒരുക്കുന്നത്.
കടുങ്ങല്ലൂർ നരസിംഹക്ഷേത്രം, എലപ്പിള്ളിമന തേക്കുംകാവ് ക്ഷേത്രം, ഏലൂക്കര കുണ്ടച്ചിറ വിശ്വമാതാ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവത്തിന് വർഷങ്ങളായി ശ്രീകുമാർ കലാപരിപാടികൾ സ്‌പോൺസർ ചെയ്യാറുണ്ട്. മറ്റുപ്പടി തൈക്കാവിൽ ഒരു ദിവസത്തെ നോമ്പുതുറയും മുല്ലേപ്പിള്ളിയുടെ വകയാണ്. 15 ഇനം ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകളാണ് 135 നിർദ്ധനർക്കായി വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് ശ്രീകുമാർ മുല്ലേപ്പള്ളി പറഞ്ഞു.