mla
ദേശീയ ഡെങ്കു ദിനാചരണത്തിന്റെ ഭാഗമായി പായിപ്ര ഗ്രാമപഞ്ചായത്തിലെ തട്ടുപറമ്പിൽ ശുചീകരണത്തിന്റെ ഭാഗമായി നടന്ന ഫോഗിംങ്ങ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മെയ് 16 ദേശീയ ഡെങ്കു ദിനത്തിൽ ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം' എന്ന സന്ദേശം ഉയർത്തിപിടിച്ച് മൂവാറ്റുപുഴയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരസഭയിലും പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . മെഡിക്കൽ ഓഫീസർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ആശവർക്കർമാരുടെയും നേതൃത്വത്തിലാണ് ഉറവിട നശീകരണവുംഫോഗിങ്ങും, കൊതുക് സാന്ദ്രത പഠനവും വീടുകൾ കയറിയുള്ള ബോധവത്ക്കരണവും നടന്നത്. പായിപ്ര ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ നടന്ന ഉറവിട നശീകരണവും ഫോഗിംങ്ങും എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാവിലെ എം.എൽ.എയുടെ വീട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് പഞ്ചായത്തിലെ തട്ടുപറമ്പിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് എം.എൽ.എ എത്തിയത്. ഡെങ്കിപനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അപ്രതീക്ഷിതമായി വന്ന കൊവിഡും നാട്ടിൽ എപ്പോഴും പ്രതീക്ഷിക്കാവുന്ന ഡെങ്കിപനിയും വ്യത്യസ്ത രീതിയിലാണ് നാം നേരിടേണ്ടത്. കൊതുകുജന്യമായ ഡെങ്കിപനിയെ തടയാനും നിയന്ത്രിക്കാനും ആവശ്യമായ മാർഗങ്ങൾ ഓരോ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിന്റെയും ബാദ്ധ്യതയാണന്നും വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഓരോ വ്യക്തിയും തയ്യാറായാൽ ഡെങ്കിപനിയെ സമൂഹത്തിൽ നിന്നും തുടച്ച് മാറ്റാൻ കഴിയുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ വി.എച്ച്.ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. മുൻപഞ്ചായത്ത് മെമ്പർ കെ.കെ.ഉമ്മർ, ഹെൽത്ത് സൂപ്പർ വൈസർ എം.കെ.ഹസൈനാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിൻസ് സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.കെ.ഷിബു, ബിനീഷ് കുമാർ, ആരോഗ്യ സേന പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ സംബന്ധിച്ചു. .