കൊച്ചി: തേവര കായൽമുഖത്തെ ചെളി നീക്കിയതിന് പിന്നാലെ ചാങ്ങാടംപോക്ക് തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് തോടുകൾ വൃത്തിയാക്കുന്നത്. പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. പദ്ധതിയുടെ കീഴിൽ ചങ്ങാടംപോക്ക് തോടിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കളക്ടർ. സുഭാഷ്‌നഗർ പ്രദേശം, ചങ്ങാടംപോക്ക് തോട് പേരണ്ടൂർ തോടുമായി ചേരുന്ന പ്രദേശം എന്നിവിടങ്ങളിൽ കളക്ടർ സന്ദർശനം നടത്തി.തേവര, ചിലവന്നൂർ, പേരണ്ടൂർ കായൽമുഖങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം കോയിത്തറ കനാൽ, ചിലവന്നൂർ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ജില്ലാ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ ഫ്‌ളെഡ് സോൺ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ബ്രേക്ക് ത്രൂ പദ്ധതികൾ നടപ്പാക്കുന്നത്.
#മാസാവസാനത്തോടെ രണ്ടാംഘട്ടം പൂർത്തിയാകും
ചങ്ങാടംപോക്ക് തോട്ടിൽ നാല് റീച്ചുകളിലായാണ് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ പ്രദേശത്തെ നാല് കിലോമീറ്റർ ദൂരത്തിൽ ചെളിനീക്കം ചെയ്യുന്നതിനും കായൽമുഖം തുറക്കുന്നതുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കുമായി രണ്ട് കോടി രൂപയോളം ചെലവഴിക്കും. മാസാവസാനത്തോടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.