തൃക്കാക്കര : ചിരട്ടകൾ കൊണ്ട് വിസ്മയം തീർക്കുകയാണ് എളമക്കര ശിവനിവാസിൽ വേണുഗോപാൽ. നാലുവർഷം മുമ്പ് ഒഴിവുദിനങ്ങളിൽ ആരംഭിച്ച വിനോദമാണിന്ന് കരകൗശലത്തിൽ കവിത വിരിയിക്കുന്നത്.
ആമയായിരുന്നു ആദ്യസൃഷ്ടി. പിന്നീട് ചിരട്ടയാൽ സ്ത്രീ രൂപം, പരുന്ത്, ചിത്രശലഭം, തത്ത, മൂങ്ങ, പാമ്പ്, മത്സ്യം, മയിൽ, എലി, കിണ്ടി തുടങ്ങി അമ്പതോളം രൂപങ്ങൾ ഒരുക്കി.
കരകൗശല വിദ്യ സ്വയം ആർജിച്ചെടുത്തതാണ്. ഗുരുവായി ആരുമില്ല.
ബ്ലെയ്ഡും, സാൻഡ് പേപ്പറുമാണ് പണിയായുധങ്ങൾ.
ദീർഘകാലം സി .പി .ഐ എറണാകുളം സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്നു വേണുഗോപാൽ. വടകര സ്വദേശിയായ വേണുഗോപാൽ 25 വർഷമായി എറണാകുളം പളളിമുക്കിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ്. ഭാര്യ ലസിത. മക്കൾ: ഗോപിക, മകൻ ഗോകുൽ
# ലോക്ക് ഡൗൺകാല സൃഷ്ടികൾ
പൂവോടുകൂടിയ ചെമ്പരത്തിച്ചെടി, കുഞ്ഞുങ്ങൾക്ക് തീറ്റ നൽകുന്ന അമ്മക്കിളി, സ്ത്രീ രൂപം, രണ്ട് ചിത്രശലഭം എന്നിവ ലോക്ക് ഡൗണിൽ തീർത്തു. ശില്പങ്ങളിൽ ഏറ്റവും പ്രിയം ചെമ്പരത്തിച്ചെടിയാണെന്ന് വേണുഗോപാൽ പറഞ്ഞു. പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തത് ഇതിനാണ്.
# വില്പനയ്ക്കല്ല, വിനോദം മാത്രം
ചിരട്ടശിൽപ്പങ്ങൾ വില്പനക്കുള്ളതല്ല. മാനസിക സന്തോഷം മാത്രമാണ് നേട്ടം. വീട്ടിൽ രണ്ട് റാക്കുകളിലായി ഇവയെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.
• വേണുഗോപാൽ