കൊച്ചി: വേനലവധിക്കുശേഷം തിങ്കളാഴ്ച ഹൈക്കോടതി തുറക്കുമ്പോൾ വീഡിയോ കോൺഫറൻസിംഗിന് പുറമേ കോടതി മുറികളിലും സിറ്റിംഗ് ഉണ്ടാകും. കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോടതി മുറിയിൽ പത്തു കസേരകളേ ഉണ്ടാവൂ. സർക്കാർ അഭിഭാഷകർക്ക് പുറമേ ആറ് അഭിഭാഷകരെക്കൂടി മാത്രമേ പ്രവേശിപ്പിക്കൂ.
കേസുകൾ ഫയൽ ചെയ്യാൻ വെർച്വൽ ക്യൂ ഏർപ്പെടുത്തി. ജാമ്യാപേക്ഷകൾ ഇ -മെയിലിൽ ലഭിക്കണം. പൊതുജനങ്ങൾക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഹൈക്കോടതിക്കു മുന്നിലെ മൂന്നു കവാടങ്ങളിലൂടെ മാത്രമാണ് പ്രവേശനം. ഇൗ കവാടങ്ങളിലും കോടതി മുറികൾക്ക് മുന്നിലും സാനിറ്റൈസറുകൾ ലഭ്യമാക്കും. സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.