കൊച്ചി : കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ സർക്കാർ നൽകിയ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ക്ഷേത്രങ്ങൾ ഉൾപ്പെടെ ആരാധനായലങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എറാണാകുളം പുല്ലേപ്പടി സ്വദേശി സഞ്ജീവ് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ആഴ്ചയിൽ രണ്ടു ദിവസം ദർശനം നടത്തുന്ന വ്യക്തിയാണെന്നും ആലുവ ശിവക്ഷേത്രത്തിൽ പതിവായി ദർശനം നടത്തിയിരുന്നെന്നും ഹർജിക്കാരൻ പറയുന്നു.
മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് കടകളും മറ്റു സ്ഥാപനങ്ങളും തുറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ ഇനിയും അനുമതി നൽകിയിട്ടില്ല. നേരത്തെ പള്ളികൾ തുറക്കാൻ അനുവദിക്കണെമന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മതവിശ്വാസം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണെന്നും ആചാരങ്ങളിൽ നിന്ന് ഏറെനാൾ ഭക്തരെ തടയുന്നത് മാനസികമായ തകർച്ചക്ക് വഴിയൊരുക്കുമെന്നും ഹർജിയിൽ പറയുന്നു.