പനങ്ങാട്: കൊവിഡ് വ്യാപനത്തെ അകലം പാലിച്ച് പ്രതിരോധിക്കുമ്പോൾ തന്നെ അകന്നുപോയ അടുക്കളത്തോട്ടങ്ങളെയും പച്ചക്കറികൃഷി ശീലങ്ങളേയുംതിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് പനങ്ങാട് സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും ഭാരവാഹികളും.
പത്താംവാർഡിൽ ഒഴിഞ്ഞുകിടന്നിരുന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് നിലം ഒരുക്കി വിത്തുപാകി ചീര, വാഴ, കപ്പ, ചേന തുടങ്ങിയവ നട്ട് വിഷരഹിതമായ പച്ചക്കറികളുടെ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. സ്കൂളുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളും അയൽപക്കത്തെ പറമ്പിൽ നടക്കുന്ന പച്ചക്കറികൃഷിയെ സഹായിക്കുന്നതിന് ഒപ്പം കൂടി. കുട്ടികൾ മേൽനോട്ടം നൽകിയ ചീര ആദ്യം വിളവെട്ടുപ്പിന് തയ്യാറായിക്കഴിഞ്ഞു. പൊലീസിൽ നിന്ന് വിരമിച്ച ബഷീർ, ഉത്തമൻ, ഈ മാസം ജി.എസ്.ടി. അസി.കമ്മിഷണറായി വിരമിക്കുന്ന മുഹമ്മദ് സാദിഖ്, ലൈജു പീടിയേക്കൽ, രാജീവ് കുന്നത്ത്, സുനിൽജോൺ, സീതാരാമൻ, മനോജ്, വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് അസോസിയേഷൻ പ്രവർത്തകർ 100 ദിവസം പച്ചക്കറി വിളയിച്ചത്.
പൊതുസ്ഥലത്ത് കൂട്ടായി നടത്തുന്ന പച്ചക്കറികൃഷിയെക്കൂടാതെ അസോസിയേഷന്റെ പരിധിയിലുള്ള അറുപതിൽപ്പരം വീടുകളിൽ അടുക്കളത്തോട്ടങ്ങൾ വിജയത്തിലെത്തിക്കുവാൻ അസോസിയേഷൻ പ്രേരണയായിട്ടുണ്ടെന്ന് സെക്രട്ടറി ലൈജു പീടിയേക്കൽ പറഞ്ഞു.