ആലുവ: 'എനിക്കെന്റെ കാഴ്ച്ചയേക്കാളും വലുതാണ് എന്റെ നാട്' എന്ന സന്ദേശത്തോടെ അന്ധനായ മദ്ധ്യവയസ്കൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ഹൃദയസ്പർശിയായ കഥ അവതരിപ്പിച്ച് കെ.പി.എ.സി ഷാജി തോമസിന്റെ ഏകാംഗ നാടകം ശ്രദ്ധേയമായി.
കൊച്ചിൻ ലോക്ക് ഡൗൺ തീയറ്റേഴ്സിന്റെ ബാനറിൽ 'കുഞ്ഞുണ്ണി' എന്ന പേരിൽ ഇറക്കിയ നാടകത്തിന്റെ രചനയും സംവിധാനവും ഷാജി തോമസ് തന്നെയാണ് നിർവഹിച്ചിട്ടുള്ളത്. രോഗിയായ ഭാര്യ ചക്കി ഭർത്താവിന്റെ നേത്രചികിത്സക്കായി കാശുക്കുടുക്കയിൽ സ്വരൂപിച്ച പണമാണ് നാടിന്റെ കരുതലിനായി കുഞ്ഞുണ്ണിയെന്ന കഥാപാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിലെ കവിത രചിച്ചിരിക്കുന്നത് സ്മിത സുധീഷ് രായമംഗലവും ആലാപനം സനു ഗോപിനാഥുമാണ്. സംഗീതം ശൈലേഷ് നാരായണനും സനു ഗോപിനാഥും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ഇതിനോടകം തന്നെ നാടകം നവമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കീഴ്മാട് പഞ്ചായത്ത് 13 -ാം വാർഡ് ചുണങ്ങംവേലി ചങ്ങലക്കാട്ടിൽ വീട്ടിൽ ഷാജി തോമസ് നിരവധി ടി.വി പ്രോഗ്രാമുകളിൽ അഭിനയിച്ചിട്ടുണ്ട്.