പറവൂർ: വി.‌ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ പറവൂർ നിയോജക മണ്ഡലത്തിൽ നടന്നുവരുന്ന പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ പറവൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണം സമാഹരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് തെറ്റായ ധാരണ സൃഷ്ടിച്ചാണ് പണം സമാഹരിച്ചത്. ജില്ലാ കളക്ടറോ റവന്യൂ അധികൃതരോ ഉൾപ്പെടുന്ന സമിതിയായിരുന്നു സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തേണ്ടതും ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത്.എന്നാൽ ഈ സംവിധാനങ്ങൾ ഉപയോഗിക്കാതെയാണ് പദ്ധതി തുടരുന്നത്. പദ്ധതിയുടെ കണക്ക് ഓഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്തുവാനുള്ള മാന്യത എം.എൽ.എ കാണിക്കണം. നിരവധി വിദേശ യാത്രക്കൾ നടത്തിയട്ടുണ്ട്. ഇതിന്റെ വിശദാംശസങ്ങൾ വെളിപ്പെടുത്തണം. എം.എൽ.എക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി സ്ത്രീകളടക്കമുള്ളവർക്കു നേരെയുള്ള സൈബർ ആക്രമണം നടത്തുന്നതായി നേതാക്കൾ ആരോപിച്ചു. പറവൂരിന്റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിക്കാത്ത ഇത്തരം പ്രവർത്തനങൾ അവനാനിപ്പിക്കണം. പുനർജനി പദ്ധതിയിലെ ക്രമക്കേടുൾപ്പെടെ അന്വേഷിക്കുന്നതിന് ആവശ്യമെങ്കിൽ വീണ്ടും പരാതി നൽകുമെന്ന് പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗം എൽ. ആദർശ്, ബ്ലോക്ക് സെക്രട്ടറിമാരായ അമൽ ജോസ്, എസ്. സന്ദീപ് എന്നിവർ പറഞ്ഞു.