atpathrose
മുൻ എം.എൽ.എ എ.ടി. പത്രോസ്

കൊച്ചി : ഇന്നലെ അന്തരിച്ച പിറവം മാമലശേരി എ.ടി പത്രോസ് 1965 മാർച്ച് 4ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയവരിൽ ഒരാളായിരുന്നു. ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്.

അന്ന് വിജയിച്ചവരിൽ ഇനി അവശേഷിക്കുന്നത് ആർ.ബാലകൃഷ്ണപിള്ള മാത്രം. മത്സരിക്കുമ്പോൾ പത്രോസിന് പ്രായം 33. കേരള കോൺഗ്രസ് സ്ഥാനാർത്ഥി. ചിഹ്നം കുതിര

എ.ടി. പത്രോസിന് 18,929 വോട്ടുകളും എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ഇ.പി. പൗലോസിന് 14,659 വോട്ടുകളും സി.പി,ഐയിലെ എൻ. പരമേശ്വരൻ നായർക്ക് 11,281 വോട്ടുകളുമാണ് ലഭിച്ചത്.

18 വർഷം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്രോസ് രാമമംഗലത്തുകാർക്ക് അന്നും ഇന്നും എം.എൽ.എ പത്രോസ് തന്നെ. നാട്ടുകാർക്ക് അദ്ദേഹം പത്രോസും ചിലപ്പോൾ പീറ്ററും മറ്റുചിലപ്പോൾ ചെല്ലപ്പനുമാണ്. അദ്ദേഹത്തിന്റെ സമയനിഷ്ഠയും കണിശതയും പ്രസിദ്ധവുമാണ്.

കൽക്കത്തയിലെ ലോ കോളേജ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തെങ്കിലും അതു തുടർന്നില്ല.

1967ൽ അടുത്ത തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിനുവേണ്ടി മത്സരിച്ച പത്രോസ് സി.പി.ഐയിലെ പി.വി എബ്രഹാമിനോട് തോറ്റു. പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. കെ.എം ജോർജ്ജ് 1976ൽ മരിച്ചപ്പോൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന പത്രോസ് പാർട്ടി അംഗത്വമുപേക്ഷിച്ചു.