നെടുമ്പാശേരി: രണ്ട് പതിറ്റാണ്ടായി ഒറ്റയാനായി കഴിഞ്ഞ ദേശം കുന്നുംപുറം സ്വദേശിയായ പഴയ കണക്കദ്ധ്യാപകൻ ഗോവിന്ദരാജും ഒടുവിൽ കോവിഡ് 19 പ്രതിരോധത്തിന് മുന്നിൽ വിധേയനായി. അൻവർസാദത്ത് എം.എൽ.എയുടെ ഇടപെടൽമൂലം ഇന്നലെ ഉച്ചയോടെ കുന്നുംപുറത്തെ കടവരാന്തയിൽ നിന്ന് ഗോവിന്ദരാജിനെ 'മുരുകൻ തെരുവോര'മത്തെി കാക്കനാട്ടുള്ള കേന്ദ്രത്തിലത്തെിച്ചു.
ഇവിടെ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കോവിഡിന്റെയും മറ്റും പരിശോധനക്ക് ശേഷം സംരക്ഷണച്ചുമതല ഏറ്റെടുക്കുമെന്ന് 'മുരുകൻ തെരുവോരം' പറഞ്ഞു.
ദേശം കുന്നുംപുറത്തെ പ്രധാന തറവാട്ടിലെ എട്ട് മക്കളിൽ ഇളയവനായ ഗോവിന്ദരാജ് ബി.കോം ബിരുദധാരിയാണ്. കണക്കിൽ വൈദഗ്ദ്യമുള്ള ഗോവിന്ദരാജ് അക്കാലത്ത് കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ എടുത്തിരുന്നു. മനോദൗർബല്യത്തിനടിപ്പെട്ട ഗോവിന്ദരാജ് 96 മുതലാണ് വീട്ടിൽ നിന്നകന്നത്. അവിവാഹിതനായിരുന്നു. മാതാപിതാക്കളുടെ മരണശേഷം കുടുബ സ്വത്തിന്റെ വിഹിതം ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശകൊണ്ടാണ് ജീവിച്ചിരുന്നത്. ആദ്യകാലത്ത് വാടക വീട്ടിലായിരുന്നു താമസം. ബാങ്ക് നിക്ഷേപം തീർന്നതോടെ കട വരാന്തകളിലുമായിരുന്നു ഭക്ഷണവും അന്തിയുറങ്ങലും. കൈവിരലുകൾ മടക്കിയും നിവർത്തിയും കണക്കുകൂട്ടുന്ന രീതിയിലോ നോട്ടുബുക്കുകളിൽ കുത്തിക്കുറിക്കുന്ന നിലയിലോ ആകും മിക്കപ്പോഴും കുന്നുംപുറം കവലയിൽ ഗോവിന്ദരാജിനെ കാണാനാവുക.
ലോക് ഡൗൺ മൂലം ഹോട്ടലുകളും മറ്റും തുറക്കാതെ വന്നതോടെ ഗോവിന്ദരാജിന്റെ അവസ്ഥ ദയനീയമായി. തുടർന്നാണ് എം.എൽ.എ സാമൂഹിക ക്ഷേമ വകുപ്പിൻെറ സഹായം തേടിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരിയും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.