കോലഞ്ചേരി: തെരുവോര രാത്രികൾക്ക് ശോഭ പകർന്നിരുന്ന തട്ടുകട നടത്തിപ്പുകാരുടെ ജീവിതം ലോക്ക് ഡൗണിൽ എട്ടുനിലയിൽ പൊട്ടി.
കട്ടൻ ചായ മുതൽ ചിക്കൻ ബിരിയാണിയും, കുഴിമന്തിയും തനത് നാടൻ ആഹാരങ്ങളും വരെ വിളമ്പുന്ന ആയിരക്കണക്കിന് തട്ടുകടകൾ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുണ്ട്.
വൈകിട്ട് 9 വരെ പാഴ്സൽ നല്കാമെന്ന തീരുമാനവും തട്ടുകടക്കാർക്ക് ആശ്വാസമായില്ല. പാഴ്സൽ പോകുന്ന പതിവും തട്ടു കടകൾക്ക് പണ്ടേ കുറവാണ്. വൈകിട്ട് 7 മുതൽ തുടങ്ങി പാതി രാത്രി വരെ സാധാരണക്കാരന് അന്നം വിളമ്പുന്നവരായിരുന്നു ഇവർ.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തട്ടു കടകളുടെ ചരമ ഗീതമെഴുതി. വിലക്കുറവിൽ സ്വാദിന്റെ മേളം ഒരുക്കുന്നവർ ഇനി ഓർമ്മയാകുമെന്ന ഭീതിയിലാണ് തട്ടുകട പ്രേമികൾ.
നാവിൽ വെള്ളമൂറുന്ന വിഭവങ്ങൾ വിളമ്പിയ വഴിയോരങ്ങളിലെ തട്ടുകടകളെല്ലാം ലോക്ക് ഡൗൺകാലത്ത് ഉറക്കത്തിലാണ്.
കച്ചവടക്കാരുടെ കാര്യമാണ് കഷ്ടം. നയാപൈ വരുമാനമില്ലാതെ വഴിയറിയാതെ നിൽക്കുകയാണിവർ.
കടംവാങ്ങിയാണ് കുടുംബം പോറ്റുന്നതെന്നും കോലഞ്ചേരി പുതുപ്പനത്ത് തട്ടുകട നടത്തുന്ന അഞ്ചംഗ സംഘം പറയുന്നു. ഷാപ്പുകളിലെ 'ഷെഫാ'യിരുന്നവരുടെ കൂട്ടായ്മയായിരുന്നു ഇവിടെ.വൈകിട്ട് ആറു മുതൽ രാത്രി 12 വരെയായിരുന്നു കച്ചവടം.
വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ കടയിലെത്തിച്ച് വിൽക്കുകയായിരുന്നു പതിവ്. ദിവസം 3500 രൂപ വരെ ലാഭം കിട്ടിയിരുന്നു. ദേശീയ പാതയിലെ യാത്രക്കാരായിരുന്നു കസ്റ്റമേഴ്സ് . കട പൂട്ടിയതോടെ വരുമാനം ഒറ്റയടിക്ക് നിലച്ചു.
ഇനി എന്തു ചെയ്യണമെന്നു അറിയില്ലെന്നും ഇവർ പറയുന്നു. ഉടനൊന്നും കട തുറക്കുനുള്ള സാഹചര്യം പ്രതീക്ഷിക്കുന്നില്ല.