കോലഞ്ചേരി: ലോക്ക് ഡൗണിൽ ലോക്കില്ലാതെ കോഴി വില പറ പറക്കുന്നു. 110 ൽ നിന്ന കോഴി വില മൂന്നു ദിവസം കൊണ്ട് 160 ലേയ്ക്കാണ് ഉയർന്നത്. സംസ്ഥാനത്തെ ഫാമുകളിൽ ഉൽപ്പാദനം നിലച്ചതോടെ അന്യസംസ്ഥാന ലോബികൾ കോഴി വിലയുടെ ചരടു പൊട്ടിച്ച അവസ്ഥയാണ്. ഓരോ ദിവസവും വിലക്കയറ്റത്തിലാണ് വിപണി. കൊവിഡ് ഭീതിയെ തുടർന്ന് തമിഴ് നാട്ടിൽ നിന്നുമെത്തുന്ന കോഴികൾ പല വില്പനക്കാരും നിരസിക്കുകയാണ്. കർണ്ണാടകയിൽ നിന്നുമാണ് കോഴി കൂടുതലായും എത്തുന്നത്. റംസാൻ കാലമായതിനാൽ കോഴി ഇറച്ചിയുടെ ഉപഭോഗവും കൂടുതലാണ്. കോഴി വില അമിതമായി കൂട്ടിയതിൽ പ്രതിഷേധിച്ച് കച്ചവടക്കാർ സ്റ്റോക്കെടുക്കലും കുറച്ചു. മീനിന്റെ വില പിടി വിട്ടതോടെ കോഴിയിറച്ചിയാണ് പലരും വാങ്ങുന്നത്. മത്തി വില ഉയർന്ന് 300 ലും അയല 400, കൊഴുവ 230 വരെയെത്തി. ബീഫിന്റെ ക്ഷാമവും വർദ്ധിച്ചു. ആന്ധ്രയിൽ നിന്നുമെത്തേണ്ട പോത്തു വണ്ടികൾ ഇനിയും എത്തി തുടങ്ങിയിട്ടില്ല. വില 380 - 400 ലേയ്ക്കെത്തി. ബീഫാണെന്ന പേരിൽ കാളയും, പശുവും കശാപ്പു ചെയ്ത് വില്പനയുള്ളതായും പരാതിയുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നും വാങ്ങുന്നതാണിത്. വില ബീഫിനു തുല്ല്യം വാങ്ങുന്നുണ്ടെന്നുമാണ് പരാതി.
#നഷ്ടം വരുത്തി കോഴികൾ
സംസ്ഥാനത്ത് വൻ കിട ഫാമുകൾ പലതും പൂട്ടലിന്റെ വക്കിലുമാണ്. ലോക്ക് ഡൗണും, പക്ഷി പനിയും മൂലമുണ്ടായ കോടികളുടെ നഷ്ടം നികത്താൻ അവർക്കായിട്ടില്ല. ബാങ്ക് വായ്പകളുടെ തിരിച്ചടവും മുടങ്ങിയതോടെ പുതിയ ലോണുകളും ലഭ്യമായിട്ടില്ല. പക്ഷിപ്പനി വന്നതോടെ കേരളത്തിലെ മിക്ക ഫാമുകളിലെയും കോഴികളെ കിട്ടിയവിലയ്ക്ക് വിറ്റൊഴിവാക്കിയിരുന്നു. കൂടാതെ ലോക്ക് ഡൗൺ കാരണം തമിഴ്‌നാട്ടിൽനിന്നുള്ള കോഴിത്തീറ്റയുടെ വരവും നിലച്ചിരുന്നു.