കോലഞ്ചേരി: എള്ളോളമില്ല കള്ളെങ്കിലും തുള്ളിയ്ക്കായും നെട്ടോട്ടം. മാമല റെയിഞ്ചിലെ 42 ഷാപ്പുകളിൽ ഭൂരിഭാഗവും തുറന്നു. തെങ്ങിൻ കള്ള് വരവില്ലാത്തതിനാൽ ഉള്ള പന വച്ച് അഡ്ജസ്റ്റുമെന്റിലാണ് പോക്ക്. ഓരോ ഷാപ്പിലും 15 മുതൽ 20 ലിറ്റർ വരെയാണ് പന അളക്കുന്നത്. കള്ള് വരും മുമ്പേ ക്യൂവാണ്. സാമൂഹിക അകലം പാലിച്ച് പുലർച്ചെ തന്നെ ക്യൂവിൽ ഇടം പിടിക്കുന്നവരുമുണ്ട്. ആദ്യം നില്ക്കുന്നവർക്ക് ഒന്നര ലിറ്റർ വീതം കൊടുക്കും. ക്യൂവിലെ എല്ലാവർക്കും കൊടുക്കാനുള്ള കള്ളുമില്ല. ക്യൂവിലെ പലരും പ്രമുഖരുടെ 'ബിനാമികളു'മാണ്. ക്യൂ നില്ക്കാൻ മാത്രം 300 മുതൽ 500 വരെ മേടിക്കുന്നവരുമുണ്ട്.

ശുപാർശക്കാരെ കൊണ്ട് മടുത്തുവെന്നാണ് ഒരു പ്രധാന ഷാപ്പിലെ വില്പനക്കാരന്റെ പരാതി. ഇന്ന് മുതൽ പാലക്കാടൻ തെങ്ങെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ തിരക്ക്, തീക്കളിയായി മാറും. എങ്ങിനെ നിയന്ത്രിക്കുമെന്ന കാര്യത്തിൽ വില്പനക്കാർക്ക് ഒരന്തവുമില്ല. പ്രധാന ജംഗ്ഷനുകളിലെ ഷാപ്പുകളാണ് തുറന്നത്. ഇന്ന് മുതൽ എല്ലാ ഷാപ്പുകളും തുറക്കാനാണ് തീരുമാനം.