ഹൈക്കോടതിയിലേക്കും കളക്ടറേറ്റിലേക്കും
കെ.എസ്.ആർ.ടി.സി ബസ് ഇന്ന് മുതൽ

കൊച്ചി: കാലങ്ങളായി നഷ്ടക്കണക്കാണ് കേൾക്കുന്നതെങ്കിലും ഈ കൊവിഡ് കാലത്ത് ജില്ലയിലെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കേരളത്തിനാകെ മാതൃകയാവുകയാണ്. ആരോഗ്യപ്രവർത്തകരുമായി വിവിധയിടങ്ങളിലേക്കും കൊവിഡ് സെന്ററുകളിലേക്കും എയർപോർട്ട്, തുറമുഖം എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരുമായി വിവിധ ക്വാറന്റൈൻ കേന്ദ്രത്തിലേക്കും നിറുത്താതെയുള്ള ഓട്ടത്തിലാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകൾ.

സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഉത്തരവ് പ്രകാരം ഹൈക്കോടതി, ജില്ലാ കോടതികളിലെ ജീവനക്കാർക്കും വക്കീലന്മാർക്കായും കളക്ടറേറ്റിലെ ജീവനക്കാർക്കായും ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ഓടിത്തുടങ്ങും.

രാവിലെ 9.45 ന് എത്തുന്ന വിധത്തിൽ ഹൈക്കോടതിയിലേക്ക് പതിനഞ്ചും ജില്ലാ കോടതിയിലേക്ക് ആറും ബസുകളും രാവിലെ 10ന് എത്തുന്ന വിധത്തിൽ ഹൈക്കോടതിയിലേക്ക് നാലും കളക്ട്രേറ്റിലേക്ക് പതിമൂന്നും ബസുകളാണുള്ളത്. വൈകിട്ട് 5.15 നാണ് മടക്കയാത്ര. ഒരു ബസിൽ 30 പേരേ ഉണ്ടാകൂ. ഇരട്ടിയാണ് യാത്രാനിരക്ക്.

കോടതികളിലേക്കുള്ള സർവീസിന് മുമ്പ് ജനറൽ ആശുപത്രിയിലേക്കുള്ള ആരോഗ്യപ്രവർത്തകർക്കായി സർവീസ് ആരംഭിച്ചിരുന്നു. സർക്കാരിന്റെ സമ്മതം നേടിയാൽ അവശ്യ സേവനമേഖലയിലുള്ളവർക്കായി സ്വകാര്യ സർവീസ് നടത്താനും തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

"കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാരുടെ ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനമാണ് ഇക്കാലത്ത് കണ്ടത്. ഇരട്ടിത്തുക ഈടാക്കിയാലും തൊഴിലാളികൾക്കുള്ള ശമ്പളം, ഇന്ധനം തുടങ്ങി വിവിധ ചെലവുകൾക്കുള്ള തുക പോലും ലഭിക്കില്ല. എങ്കിലും ലാഭനഷ്ടം നോക്കാതെ പൂർണമായും സേവനം എന്ന നിലയിലാണ് സർവീസ്."

വി.എം താജുദ്ദീൻ

ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ

കെ.എസ്.ആർ.ടി.സി

എറണാകുളം