കൊച്ചി :ആശങ്ക അകന്നു. പ്രതീക്ഷയുടെ തീരം തൊട്ട് മാലി പ്രവാസികൾ. സമുദ്ര സേതു രക്ഷാ ദൗത്യത്തിലെ മൂന്നാം ഘട്ടം വിജയം. ഐ.എൻ.എസ് ജലാശ്വ 588 യാത്രക്കാരുമായി കൊച്ചി തീരത്ത് എത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. 588 യാത്രക്കാരുമായാണ് രണ്ടാം വട്ടം ജലാശ്വ എത്തിയത്. 497 പുരുഷന്മാർ, 70 സ്ത്രീകൾ, 20 കുട്ടികൾ എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്. നിലവിൽ,ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇവരെ പരിശോധിച്ച് വരികയാണ്. സ്‌ക്രീനിംഗ് നടത്തിയ ശേഷം പനിയോ രോഗ ലക്ഷണമോ കണ്ടാൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആംബുലൻസുകൾ തയ്യാറാക്കിയിട്ടുണ്ട്. മടങ്ങി എത്തുന്നവരിൽ തമിഴ്‌നാട് തെലുങ്കാന സ്വദേശികളുമുണ്ട്.
തിരുവനന്തപുരം 120, കൊല്ലം 53, പത്തനംതിട്ട 26, കോട്ടയം 47, ഇടുക്കി 19, എറണാകുളം 68, തൃശൂർ 50, മലപ്പുറം 9, പാലക്കാട് 38, കോഴിക്കോട് 19,കണ്ണൂർ 46, വയനാട് 11, കാസർകോട് 15 എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. മാലിദ്വീപിൽ നിന്ന് ഇന്ത്യക്കാരുമായി കഴിഞ്ഞ ദിവസമാണ് ഐ.എൻ.എസ് ജലാശ്വ യാത്ര തിരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാൽ കടൽ പ്രക്ഷുഭ്തമായിരുന്നതിനാൽ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ കൊച്ചിത്തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും യാത്ര നാല് മണിക്കൂറോളം വൈകുകയായിരുന്നു.
ഓപറേഷൻ സമുദ്രസേതുവിന്റെ ഭാഗമായാണ് മാലിദ്വീപിൽ നിന്നുള്ള നാവികസേനയുടെ ഒഴിപ്പിക്കൽ ദൗത്യം. ആദ്യഘട്ട ദൗത്യത്തിന്റെ ഭാഗമായി മെയ് 10ന് ഐ.എൻ.എസ് ജലശ്വ 698 പേരെ കൊച്ചിയിൽ എത്തിച്ചിരുന്നു.മാലിദ്വീപിൽ നിന്ന് നാവികസേനയുടെ മറ്റൊരു കപ്പൽ ഐ.എൻ.എസ് മഗർ കുടുങ്ങി കിടന്നവരുമായി ചൊവ്വാഴ്ച കൊച്ചിയിലെത്തിച്ചിരുന്നു.