വിജയവാഡ: കഴിഞ്ഞ മാസം കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് എൻ 95 മാസ്‌കുകൾ നൽകിയില്ലെന്നാരോപിച്ച് സസ്‌പെൻഷനിലായ ആന്ധ്ര നർസിപട്ടണം ഏരിയ ആശുപത്രിയിലെ ഡോക്ടർ സുധാകർ റാവുവിനെ, റോഡിൽ ശല്യമുണ്ടാക്കിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഐവിസ് ടൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോർട്ട് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം.
മദ്യപിച്ച് തുറമുഖ ആശുപത്രിക്ക് സമീപം എൻഎച്ച് 16 ൽ ഓടിക്കൊണ്ടിരുന്ന ലോറികൾ തടയാൻ ശ്രമിച്ചതിനെ തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടക്കത്തിൽ, അദ്ദേഹത്തെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല, എന്നാൽ പിന്നീട് സസ്‌പെൻഷനിൽ കിടക്കുന്ന ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾ ഓടാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗം നടത്തുകയും, കൈകൾ പുറകിൽ കെട്ടിയിട്ട് സുധാകറിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി 'പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവം നടന്നയുടനെ ഡോക്ടറെ കസ്റ്റഡിയിലെടുത്ത് കൈകൾ മുതുകിൽ കെട്ടി പൊലീസ് മർദ്ദിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ തുടർന്ന് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. മദ്യപാന പരിശോധനയ്ക്കായി ഡോക്ടറെ കിംഗ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി. ഐ.പി.സി സെക്ഷൻ 353 പ്രകാരം അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ വിലയിരുത്തലിനായി ഡോക്ടറെ മാനസിക പരിചരണത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ഡോക്ടർമാർക്കെതിരായ പൊലീസ് നടപടിയെ ഡോക്ടർമാരുടെ അസോസിയേഷനുകൾ, ദലിത് ഗ്രൂപ്പുകൾ, ടിഡിപി നേതാക്കൾ, ഇടതുപാർട്ടികൾ എന്നിവർ അപലപിച്ചു. സുധാകർ റാവുവിനെതിരായ പൊലീസ് പെരുമാറ്റത്തെ ടിഡിപി പ്രസിഡന്റ് എൻ. ചന്ദ്രബാബു നായിഡുവും പാർട്ടി നേതാവ് എൻ. ലോകേഷും അപലപിച്ചു. എസ്‌സി, എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും അവർക്കെതിരെ കേസെടുക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. ഡോക്ടർക്ക് ശരിയായ ചികിത്സ നൽകണമെന്നും അദ്ദേഹം പറഞ്ഞു.