ഹൈദരാബാദ്: ആശങ്കയുയർത്തി ഹൈദരാബാദ് മദന്നപേട്ടിൽ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ നിന്നുള്ള 25 പേർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാവരേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. സമ്പർക്കപ്പട്ടികയിലുള്ളവരെ പലരെയും തിരിച്ചറിഞ്ഞതായി ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (ജിഎച്ച്എംസി) സോണൽ കമ്മീഷണർ അശോക് സാമ്രാട്ട് പറഞ്ഞു.
ആദ്യ രോഗ ബാധിതനെ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പർക്കമാണ് അപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരാൾ എന്ന് തിരിച്ചറിഞ്ഞതോടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കൂടാതെ അപ്പാർട്ട്‌മെന്റിന്റെ ഉള്ളിൽ കുറച്ചു കുടുംബങ്ങൾ പങ്കെടുത്ത ജന്മദിനാഘോഷം നടന്നിരുന്നു.
ഇതിൽ നിന്നാണ് കൂടുതൽ പേരിലേക്ക് രോഗവ്യാപനമുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ വൈറസ് വ്യാപനത്തിന്റെ കൃത്യമായ സ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന്റെ കണക്കുകൾ പ്രകാരം തെലങ്കാനയിൽ 1454 കൊവിഡ് 19 സ്ഥിരീകരിച്ച കേസുകൾ ഉണ്ട്. ഇതിൽ 959 പേർ സുഖം പ്രാപിച്ചു. 34 പേർ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.