dhoni

കൊൽക്കത്ത: ധോണിയും സാഹയും പ്ലേയിംഗ് ഇലവനിൽ, അപ്പോൾ ആരായിരിക്കും കീപ്പർ. അപ്രതീക്ഷിതമായി ടീമിൽ ഇടം കിട്ടിയ സാഹയ്ക്ക് ഒരു സംശയം. ധോണിയോട് തന്നെ ഇക്കാര്യം ചോദിച്ച് ഉറപ്പ് വരുത്തിയ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗാളിൽ നിന്നുള്ള വിക്കറ്റ് കീപ്പർ വൃധിമാൻ സാഹ.

നാഗ്പൂരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. മത്സരത്തിന് മുന്നേ വി.വി.എസ് ലക്ഷ്മണന് പരിക്കേറ്റു. ഇതോടെ, രോഹിത് ശർമ്മയ്ക്ക് കളിക്കാൻ അവസരം ഒരുങ്ങി.എന്നാൽ, പരിശീലനം നടത്തുന്നതിനിടെ താനും രോഹിത്തും കൂട്ടിയിടിച്ചു വീണു. രണ്ടു പേരുടെയും കണംകാലിനു പരിക്കേറ്റെങ്കിലും രോഹിത്തിന്റെ പരിക്ക് ഗുരുതരമായിരുന്നു. എസ് ബദ്രിനാഥിനൊപ്പം ത്രോ പരിശീലിക്കവെയാണ് നാഗ്പൂർ ടെറ്റിൽ ടോസ് കഴിഞ്ഞ് ഗ്രൗണ്ടിൽ നിന്നും മടങ്ങവെ നീ ടീമിലുണ്ടെന്ന് ധോണി തന്നോടു പറഞ്ഞു. ഇതോടെയാണ് ആ സംശയം മനസിൽ ഉയർന്നത്-സാഹ പറഞ്ഞു.

മത്സരത്തിനു മുമ്പ് ധോണിയോട് ഇതേക്കുറിച്ച് ചോദിച്ചു. തീർച്ചയായും വിക്കറ്റ് കാക്കുക താൻ തന്നെയായിരിക്കുമെന്നും ഫീൽഡ് ചെയ്യൂവെന്നും ധോണി പറഞ്ഞു. നാഗ്പൂർ ടെസ്റ്റിനു ശേഷം ധോണി കളിച്ച മറ്റൊരു ടെസ്റ്റിലും സാഹയ്ക്കു പ്ലെയിംഗ് ഇലവനിൽ അവസരം ലഭിച്ചിട്ടില്ല. ധോണിയുള്ളതിനാൽ തന്നെ അവസരങ്ങൾ കുറവായിരുന്നുവെങ്കിലും ലഭിച്ച അവസരങ്ങൾ പരമാവധി മുതലെടുക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നു സാഹ വ്യക്തമാക്കി.

ധോണിയുടെ ബാറ്റിംഗ് ശൈലി, സ്റ്റംപിംഗിലെ വേഗം തുടങ്ങി പല കാര്യങ്ങളും താൻ കണ്ടു പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ടീമിന് പുറത്തിരിക്കാൽ ആർക്കും ഇഷ്ടമുണ്ടാവില്ല. പക്ഷെ ധോണിയുള്ളപ്പോൾ പുറത്തിരിക്കുകയല്ലാതെ മറ്റു വഴിയില്ല. ധോണി കളിക്കുകയാണെങ്കിൽ നിനക്ക് അവസരമുണ്ടാവില്ലെന്നു മുൻ കോച്ച് ഗാരി കേസ്റ്റണും തന്നോടു നേരിൽ പറഞ്ഞിരുന്നു. സാഹ വ്യക്തമാക്കി.