migrant-workers

ചെന്നൈ: പ്രതിദിനം പതിനായിരം കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ തമിഴ്‌നാട് സർക്കാർ ആസൂത്രണം ചെയ്യുന്നു. മുഖ്യമന്ത്രി കെ. പളനിസ്വാമി കഴിഞ്ഞ ദിവസം അറിയിച്ചതാണ് ഇക്കാര്യം. നിരവധി കുടിയേറ്റ തൊഴിലാളികൾ കാൽനടയായി അപകടകരമായ യാത്രകൾ നടത്തിയെന്നും, ഉത്തർപ്രദേശിൽ ഇന്നലെ റോഡപകടത്തിൽ 24 തൊഴിലാളികൾ മരിച്ചതായുമുള്ള റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണിത്.


തമിഴ്‌നാട്ടിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളോട് സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്യരുതെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി അഭ്യർത്ഥിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 55,473 കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


55,000 ആളുകളെ 43 ട്രെയിനുകളിലൂടെ അയച്ചിട്ടുണ്ട്. ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ ദിനംപ്രതി പതിനായിരത്തോളം കുടിയേറ്റ തൊഴിലാളികളെ അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചെന്നൈയിൽ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യപ്രകാരം അതത് സംസ്ഥാന സർക്കാരുകളുടെ അനുമതിയുടെയും അടിസ്ഥാനത്തിൽ ലോക്ക് ഡൗണിൽ യാത്ര ഏകോപിപ്പിക്കാനും സുഗമമാക്കാനും തമിഴ്‌നാട് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിൻ നിരക്ക് ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഗതാഗതച്ചെലവും സംസ്ഥാന സർക്കാർ വഹിക്കുന്നതിനാൽ, കാൽനടയായോ വാഹനങ്ങളിലൂടെയോ സ്വന്തമായി യാത്ര ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനുകളിൽ അയയ്ക്കുന്ന തൊഴിലാളികളെ തമിഴ്‌നാട്ടിലെ അതത് സ്ഥലങ്ങളിൽ പാർപ്പിക്കണമെന്ന് പളനിസ്വാമി ആവശ്യപ്പെട്ടു. തിരുപ്പൂർ, കോയമ്പത്തൂർ, ചെന്നൈ, വെല്ലൂർ എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും കുറഞ്ഞത് ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. അവരിൽ ഭൂരിഭാഗവും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്.