പാരീസ്: റുവാണ്ടയിൽ നടന്ന വംശഹത്യയുടെ മുഖ്യ സൂത്രധാരൻ ഫെലിസിയൻ കബൂഗയെ ഫ്രഞ്ച് പൊലീസ് പിടിയിലായി. അസ്‌നിറസ് സർ സെയിനിലെ ഫ്‌ലാറ്റിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 84കാരനായ കബൂഗ 25 വർഷങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്.ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളിയെന്നാണ് ഇയാൾ അറിയപ്പെടുന്നത്.
റുവാണ്ടയിലെ തുത്സി, ത്വാ എന്നീ വിഭാഗങ്ങളെയും ഹുതു വിഭാഗത്തിലെ മിതവാദികളായ ആളുകളെയും കൂട്ടക്കൊല ചെയ്ത സംഭവമാണ് റുവാണ്ടൻ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. 1994ൽ റുവാണ്ടൻ ആഭ്യന്തരയുദ്ധത്തിനിടെയാണ് കൂട്ടക്കൊല അരങ്ങേറിയത്. ഒരു ബിസിനസുകാരനായ കബൂഗയാണ് ഈ കൂട്ടക്കൊല നടത്തുന്നതിനുള്ള ആസൂത്രണങ്ങൾക്ക് നേതൃത്വം നൽകിയതും ഫണ്ട് സംഘടിപ്പിച്ചതും.
വടക്കൻ റുവാണ്ടയിൽ വലിയ തേയിലത്തോട്ടങ്ങളുടെ ഉടമയായിരുന്നു ഇയാൾ. അന്നത്തെ റുവാണ്ടൻ പ്രസിഡണ്ടായിരുന്ന ജുവെനൽ ഹാബിയാരിമനയുടെ പാർട്ടിയായ എം.ആർ.എൻ.ഡി പാർട്ടിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഒന്നര ദശകത്തോളമായി റുവാണ്ടയിൽ ഏകാധിപത്യ ഭരണം നടത്തുകയായിരുന്നു ജുവൈനൽ. ഇയാളുടെ പാർട്ടി തിരഞ്ഞെടുപ്പുകളിൽ വലിയ തോതിൽ ക്രമക്കേടുകൾ നടത്തി അധികാരത്തിൽ തുടരുകയായിരുന്നു.
പേരും മറ്റ് വിവരങ്ങളുമെല്ലാം മറച്ചുവെച്ചാണ് കബൂഗ പാരിസിലെത്തിയത്. മക്കൾ ഇയാളെ അതിവിദഗ്ദ്ധമായി മറച്ചുവച്ചു.1994 ഏപ്രിൽ ഏഴ് മുതൽ ജൂലൈ 15 വരെ 100 ദിവസത്തോളം നീണ്ടുനിന്ന വംശഹത്യയിൽ എട്ട് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. 70 ശതമാനത്തോളം ടുത്സി വംശജർ കൊല്ലപ്പെട്ടെന്നാണ് നിഗമനം.കബൂഗയുടെ നേതൃത്വത്തിലുള്ള ഹുതു തീവ്രവാദികൾ കത്തി, വാൾ, ഗദ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചാണ് ആക്രമണങ്ങൾ സംഘടിപ്പിച്ചത്.