കൊച്ചി : കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ സി.പി.ഐ രാജ്യവ്യാപകമായി നാളെ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസുകളായ പോസ്റ്റ് ഓഫീസുകൾക്കും ബി.എസ്.എൻ.എൽ ഓഫീസുകൾക്കും മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി. രാജു അറിയിച്ചു.
സംസ്ഥാനത്തിന് കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര ഫണ്ട് അനുവദിക്കുക, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, കൂലി വർദ്ധിപ്പിക്കുക, തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലു മുതൽ അഞ്ചു വരെയാണ് സമരം. മാസ്‌ക് ധരിച്ച് സർക്കാർ നിയന്ത്രണങ്ങളും അകലവും പാലിച്ചായിരിക്കും സമരം .