kutty
കുട്ടി ആശുപത്രിയിൽ

കിഴക്കമ്പലം: ആംബുലൻസിൽ ജനിച്ച കുരുന്നിന് നേഴ്സിന്റെ കരങ്ങളാൽ പുനർജന്മം. പള്ളിക്കര പോത്തനാംപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി സന്ദീപ് കുമാർ, റീന റവ ദമ്പതിമാരുടെ ആദ്യ കുരുന്നിനാണ് തൃപ്പൂണിത്തുറ താലൂക്ക് ആുപത്രിയിലെ നഴ്സിന്റെ പരിചരണം രക്ഷയായത്.

അഞ്ചു വർഷത്തോളമായി കേരളത്തിൽ കഴിയുന്ന ഇവർ, ആദ്യ കുഞ്ഞിന് നാട്ടിൽ ജന്മം നൽകാനാണ് തീരുമാനിച്ചിരുന്നത്. ലോക്ക് ഡൗൺ വിഘാതമായി. ഇന്നലെ പുലർച്ചെ നാലു മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോയെ ആശ്രയിച്ചെങ്കിലും വേദന കലശലായതിനാൽ പോകാനായില്ല. പിന്നെ ആംബുലൻസ് വരുത്തി. അൽ ഇഹ്സാൻ യൂത്ത് മൂവ്മെന്റ് പെരിങ്ങാലയുടെ ആംബുലൻസിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടു. വഴിമദ്ധ്യേ കരിങ്ങാച്ചിറയിൽ വച്ച് യുവതി ആൺ കുഞ്ഞിന് ജന്മം നല്കി. എന്നാൽ കുട്ടിയ്ക്ക് അനക്കമില്ലാതായതോടെ ഡ്രൈവർ പെരിങ്ങാല ഇരുപ്പക്കോട്ടിൽ ഷാനവാസ് ആശുപത്രിയിലേയ്ക്ക് പാഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ നഴ്സ് ഷംസിയ കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി കിടന്ന പൊക്കിൾ കൊടി മുറിച്ചു മാറ്റി പ്രാഥമീക ശുശ്രൂഷ നല്കി കുട്ടിയെ രക്ഷപ്പെടുത്തി. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിൽ കഴിയുന്ന ഇവർ കുഞ്ഞിക്കാലിനുള്ള കാത്തിരിപ്പിലായിരുന്നു. പ്രസവത്തിനായി നാട്ടിലേയ്ക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കെയാണ് ലോക്ക് ഡൗൺ വന്നത്.