ചെന്നൈ: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിന് തമിഴ്‌നാട്ടിൽ ഇതുവരെ 4.83 ലക്ഷം പേർക്കെതിരെ കേസെടുത്തു. നിയമ ലംഘകരിൽ നിന്നായി മൊത്തം 5.91 കോടി രൂപ പിഴയായി ഈടാക്കി. ഞായറാഴ്ച രാവിലെ വരെ 4,55,946 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും, 3,97,692 വാഹനങ്ങൾ നിയമലംഘകരിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് ആസ്ഥാന വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 24 മുതൽ പ്രഖ്യാപിച്ച നിരോധന ഉത്തരവുകൾ ലംഘിച്ച് സാധുവായ കാരണമില്ലാതെ പുറത്തുപോയതിന് 4,83,501 പേരെ ഇതുവരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിഴ ഈടാക്കിയ ഉടൻ ജാമ്യത്തിൽ വിട്ടയച്ചതായും ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും നിയന്ത്രണങ്ങളൊന്നും വകവയ്ക്കാതെ നിരവധി ആളുകളാണ് നിരത്തിലിറങ്ങിയത്. ഇതേ തുടർന്ന് കർശന പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. ഒപ്പം പ്രധാന നിരത്തുകളെല്ലാം ബാരിക്കേടുകൾ ഉപയോഗിച്ച് മറച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെ നിരത്തിലിറങ്ങിയവർക്കെതിരെയാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്.
കൂടാതെ തിരത്തുകളിൽ ഒന്നിലധികം പേർ ഒത്തുകൂടരുതെന്നും കർശന നിർദ്ദേശമുണ്ടായിരുന്നു. അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്ന സമ്മേളനം നിരോധിച്ചും സംസ്ഥാന പോലീസ് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ഉത്തരവുകൾ പാലിക്കാതെ നിരത്തിലിറങ്ങിയത്. ഇവർക്കെതിരെയടക്കം കേസുകൾ എടുത്തിരുന്നു.