കോതമംഗലം: വടാട്ടുപാറയ്ക്ക് സമീപം പണ്ടാരൻ സിറ്റിയിൽ വളർത്തുനായ വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുലി പിടിച്ചതാണെന്നാണ് നാട്ടുകാരുടെ സംശയം. അതിനാൽ തന്നെ ജനങ്ങൾ ആശങ്കയിലാണ്.വടാട്ടുപാറ പണ്ടാരൻ സിറ്റിക്ക് സമീപമുള്ള വലിയ കാലായിൽ ജോമോൻ എന്നയാളുടെ വളർത്തുനായയെയാണ് പകുതി ഭക്ഷിച്ച നിലയിൽ സമീപവാസിയുടെ പുരയിടത്തിൽ കണ്ടെത്തിയത്.വീടിന് പുറകിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടിച്ച് കൊണ്ടുപോയി കടിച്ച് കീറുകയായിരുന്നു എന്നാണ് സംശയിക്കുന്നത് . പുലർച്ചെ നാല് മണി വരെ നായ വീട്ടിൽ ഉണ്ടായിരുന്നതായും അതിന് ശേഷമാണ് വന്യ ജീവി പിടിച്ചതെന്നുമാണ് വീട്ടുടമ പറയുന്നത്. വീട്ടിൽ നിന്നും ഏകദേശം 15 മീറ്റർ ദൂരെയുള്ള പുരയിടത്തിലാണ് നായ ചത്ത് കിടന്നത്. തുണ്ടം റേഞ്ചിലെ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.