പറവൂർ : ദേശിയപാത 66 ൽ വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കി റോഡിൽ മണ്ണും ചെളിയും. വഴിക്കുളങ്ങര ഭാഗത്ത് പ്രവർത്തിക്കുന്ന ഗ്രാവൽ ഷെൽട്ടറുകളിൽ നിന്നുള്ള വാഹനങ്ങളാണ് റോഡിൽ കളിമണ്ണും ചളിയും വിതറുന്നത്. ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് രണ്ട് ഷെൽട്ടറുകളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇവിടെ വന്നു പോകുന്ന വാഹനങ്ങളുടെ ടയറിൽ പറ്റിപ്പിടിക്കുന്ന ചളിയും മണ്ണും റോഡിൽ വീഴുന്നതാണ് മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വിനയാകുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. ഇരുചക്ര വാഹനം റോഡിൽ തെന്നി അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കാറ്റിൽ മണ്ണും പൊടിയും കണ്ണിൽ അകപ്പെടുന്നത് അപകടത്തിന് വഴിയൊരുക്കുകയാണ്.