fahed-fasal
ഫഹദ് ഫസൽ

ആലുവ: ലോക്ഡൗൺ കാലത്ത് ഹാഷിഷ് കടത്തിയ യുവാവിനെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ആലുവ തോട്ടയ്ക്കാട്ടുകരയിൽ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാഹനം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.

കാറിൽ 1.096 ഗ്രാം ഹാഷിഷ് ഓയിലും 60 ഗ്രാം കഞ്ചാവും കണ്ടെത്തി. തൃശൂർ കൊടുങ്ങല്ലൂർ ചെന്ത്രാപ്പിനി ചാമക്കാല തീണ്ടിപ്പുറത്ത് വീട്ടിൽ ഫഹദ് ഫസൽ (21) ആണ് അറസ്റ്റി​ലായത്. കസ്റ്റഡി​യി​ലായ സ്വി​ഫ്റ്റ് കാർ ഓടി​ച്ച കൊടുങ്ങല്ലൂരിലുള്ള നിച്ചു ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആലുവ ഭാഗത്ത് മുറികൾ വാടകക്കെടുത്ത് താമസി​ച്ചായി​രുന്നു മയക്ക് മരുന്ന് വ്യാപാരം. ലോക് ഡൗൺ കാലഘട്ടത്തിൽ മൂന്നിരിട്ടി വിലയും ഈടാക്കി. 10 ഗ്രാം ഹാഷിഷ് ഓയിലിന് 7000 രൂപ മുതൽ 9000 രൂപ നിരക്കിലാണ് വിൽപ്പന. പച്ചക്കറി വണ്ടികളുടെയേയും, കണ്ടെയ്‌നർ ലോറികളുടെയും മറവിലാണ് ഇപ്പോൾ കേരളത്തിലേയ്ക്ക് കഞ്ചാവും മയക്ക് മരുന്നുകളും എത്തുന്നത്.

ഡ്രൈവർ നിച്ചു നിരവധി ക്രിമിനൽ കേസുകളിലും മയക്ക് മരുന്ന് കേസുകളിലും പ്രതിയാണ്. എറണാകുളം എക്‌സൈസ് സ്‌ക്വാഡ് സി.ഐ. ബി.എൽ. ഷിബു, പ്രിവന്റീവ് ഓഫീസർ ജോർജ്ജ് ജോസഫ, കെ.എസ്. പ്രമോദ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എക്‌സ്. റൂബൻ, വിപിൻദാസ്, ദിനേശ്, വി.എ. അനീഷ്, ഡ്രൈവർ മനോജ് എന്നിവർ പങ്കെടുത്തു.