tamil-nadu

ചെന്നൈ: കൊവിഡ് 19 ബാധിച്ചവരെയോ ക്വാറന്റൈനിൽ കഴിയുന്നവരെയോ ഒറ്റപ്പെടുത്തരുതെന്ന സർക്കാർ നിർദേശിക്കുമ്പോഴും രാജ്യത്ത് സ്ഥിതിഗതികൾ വ്യത്യസ്തമല്ല. തമിഴ്‌നാട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചയാൾ നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയതോടെ കഴിഞ്ഞ ഒരാഴ്ചയായി കുന്നിൻ മുകളിലാണ് കഴിച്ചു കൂട്ടിയത്. 28 കാരനായ ഷമീം അലി കുടുംബത്തിൽ നിന്ന് അകന്നു തിരുപ്പോരൂരിലെ കണ്ണഗപ്പട്ടിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിൻമുകളിലാണ് താമസിച്ചത്.

ഉത്തർപ്രദേശിലെ കണ്ണ മൗജ് ജില്ലയിൽ നിന്നുള്ള അതിഥി തൊഴിലാളിയായ അലി ഒരു സ്‌ക്രാപ്പ് ഡീലറുടെ കടയിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് കോയമ്പേട് മാർക്കറ്റിൽ ലോഡ്മാനായി ജോലി ചെയ്യുകയായിരുന്നു. മേയ് ആദ്യ വാരത്തിൽ കൊവിഡ് 19 സ്‌ക്രീനിംഗിനായി കൊണ്ടുപോയ അദ്ദേഹത്തെ ഹോം ക്വാറൻറൈൻ നിർദേശിച്ചു. അതിനുശേഷം ഗ്രാമവാസികൾ അദ്ദേഹത്തെ ഗ്രാമത്തിൽ തുടരാൻ സമ്മതിച്ചില്ല.

'ഞങ്ങൾ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന അതേ പ്രദേശത്തെ മറ്റ് മൂന്ന് പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ഇതോടെ ഞങ്ങളെ സ്‌ക്രീൻ ചെയ്ത് വീട്ടിൽ തന്നെ തുടരാൻ നിർദേശിച്ചു. ഞാൻ തിരിച്ചെത്തിയപ്പോൾ, ഞാൻ വൈറസ് ബാധിച്ചേക്കാമെന്നും അണുബാധ പടരുമെന്നും നാട്ടുകാർ ഭയപ്പെട്ടു. ഗ്രാമത്തിൽ നിന്ന് മാറിനിൽക്കാൻ അവർ എന്നോട് പറഞ്ഞു, 'അലി പറയുന്നു. പോകാൻ സ്ഥലമില്ലാത്തതിനാൽ, സമീപത്തുള്ള ഒരു കുന്നിൻ മുകളിലുള്ള ഒരു ക്ഷേത്രത്തിന് സമീപം ഷമീം അഭയം തേടി. എന്നാൽ ഗ്രാമവാസികൾ ഭാര്യയെ സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞു.

കുടുംബത്തോടൊപ്പം ഒരേ പ്രദേശത്ത് താമസിക്കുന്ന ഇളയ സഹോദരൻ ഖലീൽ അലി തനിക്ക് ഭക്ഷണം നൽകുകയായിരുന്നു. സുഹൃത്ത് ഇടപ്പെട്ട് ഒരു സന്നദ്ധപ്രവർത്തകന്റെ സഹായത്തോടെ ഞങ്ങൾ റവന്യൂ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഷമീമിനായി സഹായം തേടുകയായിരുന്നു. തിരുപോരൂരിലെ റവന്യൂ ഇൻസ്‌പെക്ടർ എൻ പുഷ്പ റാണിയും പൊലീസ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാവിലെ ഗ്രാമത്തിലെത്തി ബോധവത്കരണം നടത്തിയതോടെയാണ് ഷമീമിന് വീട്ടിൽ തിരിച്ചെത്താനായത്. 'എന്റെ മക്കളിൽ നിന്ന് അകന്നു നിൽക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാൻ തിരിച്ചെത്തിയതിൽ ഇപ്പോൾ വളരെ സന്തോഷമുണ്ട് '-ഷമീം പറഞ്ഞു.