കൊച്ചി: വേനൽമഴ ശക്തിപ്പെടുന്നതിനിടെ ഒരാഴ്ചക്കുള്ളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണ് ജില്ലാ ഭരണകൂടവും കോർപ്പറേഷനും. ഏതാണ്ട് 60 ശതമാനത്തോളം പ്രവൃത്തികൾ ഇതിനകം പൂർത്തിയായതായി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് പറഞ്ഞു.

# പഴി കെ.എം.ആർ.എല്ലിന്

ഇനി അവശേഷിക്കുന്ന 40 ശതമാനത്തോളം പ്രദേശത്തെ പ്രവൃത്തികൾ വളരെ നിർണായകമാണ്. കെ.എം.ആർ.എൽ നിർമ്മിച്ച നടപ്പാതകളും മറ്റും ഈ ഭാഗങ്ങളിലെ നീരൊഴുക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല ഓടകളും കൽവർട്ടുകളും അടഞ്ഞുപോയിട്ടുമുണ്ട്.
അത്യാവശ്യഘട്ടങ്ങളിൽ ഇളക്കാൻ പാകത്തിൽ കൊളുത്തുകളോ മറ്റ് സംവിധാനങ്ങളോ സ്ലാബുകളിൽ ഘടിപ്പിച്ചിട്ടില്ലാത്തത് വലിയ പ്രതിസന്ധിയായിട്ടുണ്ട്. അടിയന്തരമായി ഓടകളിലെയും കൽവർട്ടുകളിലെയും തടസങ്ങൾ നീക്കണമെന്ന് ഒരുമാസംമുമ്പ് കെ.എം.ആർ.എല്ലിന് നിർദേശം നൽകിയിട്ടും ഫലപ്രദമായ ഒരിടപെടലും ഉണ്ടായിട്ടില്ലെന്ന് കോർപ്പറേഷൻ അധികൃതർ കുറ്റപ്പെടുത്തി. അലംഭാവം തുടർന്നാൽ വരുന്ന മഴക്കാലത്തും നഗരത്തിൽ അതിരുക്ഷമായ വെള്ളക്കെട്ട് ഉണ്ടാകും. കലൂർ ചക്കാലപ്പാടം, ചങ്ങമ്പുഴപാർക്ക്, സ്റ്റേഡിയത്തിലെ കെ.എസ്.ഇ.ബി കോമ്പൗണ്ട് എന്നിവിടങ്ങളിൽ ഓടകളിലും മറ്റും കാര്യമായ തടസമുണ്ട്. ഇത് നീക്കംചെയ്യുന്ന പണികളും ആരംഭിച്ചു.

# ചക്കാലപ്പാടത്ത് പണി തുടങ്ങി
കലൂർ ചക്കാലപ്പാടത്തെ പുതിയ റോഡിലെ കൽവർട്ട് ജെ.സി.ബി ഉപയോഗിച്ചുയർത്തി തടസങ്ങൾ നീക്കുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പേരണ്ടൂർ കനാൽ ശുചീകരണം ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. ബാനർജി റോഡ്, ടൗൺഹാൾ മുതൽ ഹൈക്കോടതി വരെയുള്ള ഓടകളുടെ ശുചീകരണവും ബ്രേക്ക്ത്രൂ പദ്ധതി പ്രകാരം നടന്നുവരുന്നു.

കാരത്തോട്, പുഞ്ചത്തോട്, ചങ്ങാടംപോക്ക് എന്നിവിടങ്ങളിലെ തോടുകളും ഓടകളും ചെളികോരി ഏതാണ്ട് വൃത്തിയാക്കിക്കഴിഞ്ഞു. കുഡുംബി കോളനി, പുഞ്ചത്തോട്, വാത്തുരുത്തി എന്നിവിടങ്ങളിലെ അടഞ്ഞുകിടന്ന ഡ്രെയിനേജുകളും വൃത്തിയാക്കി.

# സഹായവുമായി എം.എൽ.എ

ബ്രേക്ക്ത്രൂവിന് പുറമെ നടക്കുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കോർപ്പറേഷൻ നേരിട്ട് നടത്തുന്നവയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കനത്ത സാമ്പത്തിക ബാദ്ധ്യതയിലായ കോർപ്പറേഷന് മഴക്കാല പൂർവ ശുചീകരണം അധികബാദ്ധ്യത വരുത്തിവച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള മുൻ ഡെപ്യട്ടി മേയർ കൂടിയായ ടി.ജെ. വിനോദ് എം.എൽ.എ കലൂർ ചക്കാലപ്പാടത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കാമെന്ന് അറിയിച്ചത് കോർപ്പറേഷന് ആശ്വാസമായി.