കൊച്ചി: കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് മത്സ്യമേഖലയുടെ ഭാവി ലക്ഷ്യമിട്ട് ആധുനികവത്കരണം ഉൾപ്പെടെ സമഗ്ര പദ്ധതികൾക്ക് വിനിയോഗിക്കണമെന്ന് വിദഗ്ദ്ധർ. മത്സ്യലഭ്യത വർദ്ധിപ്പിക്കാനും ഓൺലൈൻ ഉൾപ്പെടെ വിതരണസംവിധാനം വിപുലമാക്കാനും സാങ്കേതികവിദ്യകൾ സ്വീകരിക്കാനും പ്രാധാന്യം നൽകണം. ആവശ്യമായ രീതിയിൽ വിനിയോഗിച്ചാൽ ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ സമുദ്രമത്സ്യ മേഖലയ്ക്ക് ഊർജം നൽകാൻ പാക്കേജിന് കഴിയും.

കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജായ പ്രധാനമന്ത്രി മത്സ്യസമ്പദ യോജനക്ക് കീഴിൽ മത്സ്യമേഖലക്ക് 20,000 കോടി രൂപയാണ് ലഭിക്കുക.

മത്സ്യബന്ധനയാനങ്ങൾ ആധുനികവൽക്കരിക്കുന്നതുൾപ്പെടെ പരിഷ്‌കരണങ്ങൾക്ക് മുൻഗണന നൽകി തുക വിനിയോഗിക്കാമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നിർദ്ദേശിച്ചു. കടൽസുരക്ഷ ഉറപ്പുവരുത്താനും മീൻലഭ്യത തിരിച്ചറിയാനും സഹായിക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ, കോൾഡ് സ്‌റ്റോറേജ് സൗകര്യം തുടങ്ങിയവ യാനങ്ങളിൽ ഘടിപ്പിച്ച് മത്സ്യബന്ധനരീതി ആധുനികവത്കരിക്കാമെന്നാണ് സി.എം.എഫ്.ആർ.ഐയില വിദഗ്ദ്ധർ പറയുന്നു.

# മുൻഗണന ലഭിക്കേണ്ടവ

കടലിൽ മത്സ്യബന്ധനയാനങ്ങളുടെ സ്ഥാനം വേഗത്തിൽ തിരിച്ചറിയാൻ അവയിൽ വി.എം.എ.എസ് സാങ്കേതികവിദ്യ സ്ഥാപിക്കണം

ചൂര പോലെ മീനുകളുടെ കയറ്റുമതി സാദ്ധ്യതകൾ കൂട്ടുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സാങ്കേതികവൈദഗ്ദ്ധ്യം ലഭ്യമാക്കണം

കൂടുകൃഷിക്ക് പ്രാമുഖ്യം നൽകുന്ന സമുദ്രകൃഷിരീതികൾ വികസിപ്പിക്കുക

കടൽപായലുകളുടെ കൃഷി, ഹാച്ചറി പദ്ധതികൾക്ക് അടിയന്തിര ശ്രദ്ധ നൽകണം

മത്സ്യവിപണന കേന്ദ്രങ്ങളിൽ ലേലത്തിനുൾപ്പെടെ ഡിജിറ്റൽ സംവിധാനം ഒരുക്കണം

കയറ്റുമതി ചരക്കുകൾക്ക് ആവശ്യമായ ട്രേസബിലിറ്റി സംവിധാനം ഒരുക്കൽ

മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യമാക്കണം

അപകട ഇൻഷ്വറൻസും ബോട്ടുകളുടെ ഇൻഷ്വറൻസും ശക്തിപ്പെടുത്താൻ സാമ്പത്തിക സഹായം

മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വികസനം, വിപണനം

# ലോകനിലവാരം നേടണം

ആധുനിക സൗകര്യങ്ങൾ ഒരുക്കി ലാൻഡിംഗ് സെന്ററുകളെ ലോകനിലവാരത്തിൽ വികസിപ്പിക്കണം. മത്സ്യവിപണന കേന്ദ്രങ്ങൾ വികസിപ്പിക്കാനും മുൻഗണ നൽകണം. മത്സ്യങ്ങളുടെ ഓൺലൈൻ വിപണനശൃംഖല വികസിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും.

ഡോ.എ. ഗോപാലകൃഷ്ണൻ

ഡയറക്ടർ

സി.എം.എഫ്.ആർ.ഐ