പള്ളുരുത്തി: രണ്ട് മാസത്തെ ലോക്ക് ഡൗൺകാലം അർഷാദ് ചിലവഴിച്ചത് മോട്ടോർ സൈക്കിൾ നിർമ്മിച്ചു കൊണ്ട്.
കച്ചേരിപ്പടി എം.എൽ.എ റോഡിൽ കൊഷ്ണം വേലിപറമ്പിൽ തുണ്ടി പറമ്പ് താമസിക്കുന്ന ഹാഷിം - ഹസീന ദമ്പതികളുടെ മകനാണ് അർഷാദ്.ഇരുമ്പ് പൈപ്പിൽ മോട്ടോർ സൈക്കിൾ എൻജിൻ ഘടിപ്പിച്ചു. പിതാവിന്റെ സുഹൃത്തിൽ നിന്നും വെൽഡിംഗ് സെറ്റ് വാങ്ങി പണികൾ തനിയെ ആരംഭിച്ചു. വീട്ടുകാരുടെ പിന്തുണയും ലഭിച്ചതോടെ ജോലികൾ ഉഷാറായി. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് വർക്ക് ഷോപ്പും കടകളും തുറന്നതോടെ സ്പെയർ പാർട്സുകളും മറ്റും വാങ്ങാനായി. ഫ്രെയിമിനായി ഉപയോഗിച്ച ഇരുമ്പ് പൈപ്പ് തന്നെ ഒരു ലിറ്റർ പെട്രോൾ കൊള്ളുളുന്ന ഇന്ധന ടാങ്കാക്കി മാറ്റി. ജോലികൾ തീർന്നതോടെ വീട്ട് മുറ്റത്ത് ട്രയലും നടത്തി. വാഹനം ഉരുണ്ട് കഴിഞ്ഞപ്പോഴാണ് മകന്റെ കഴിവ് വീട്ടുകാർക്ക് മനസിലായത്. ഇനി വാഹനം റോഡിൽ ഇറക്കണമെങ്കിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. അതിനായി കാത്തിരിക്കുകയാണ് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിലെ വിദ്യാർത്ഥിയായ അർഷാദ്.