ആലുവ: കൊച്ചിയുടെയും ആലുവയുടെയുമെല്ലാം വികസനവഴിയിൽ ഒഴിവാക്കാനാകാത്ത പേരാണ് എം.എൻ. സത്യദേവൻ. ആലുവ നഗരസഭ ലൈബ്രേറിയനായി ഒൗദ്യോഗികജീവിതം ആരംഭിച്ച സത്യദേവൻ അതേനഗരസഭയുടെ കമ്മീഷണർ തുടങ്ങി ജി.സി.ഡി.എ സെക്രട്ടറി സ്ഥാനംവരെയെത്തി.
ആലുവയുടെ സാമൂഹ്യസാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായ സത്യദേവൻ 80ന്റെ നിറവിലാണ്. കൊച്ചി മറൈൻഡ്രൈവിലെ കായലിനോട് ചേർന്നുള്ള മഴവിൽപാലത്തിന്റെ ഉപജ്ഞാതാവാണ്. 1992- 95 കാലഘട്ടത്തിൽ അദ്ദേഹം ജി.സി.ഡി.എ സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലം നിർമ്മിച്ചത്. കലൂരിലെ കൊച്ചി രാജ്യാന്തരസ്റ്റേഡിയം തീർക്കുന്നതിനും നേതൃത്വം നൽകി.
ചേന്ദമംഗലത്താണ് ജനിച്ചത്. പിതാവിന്റെ വ്യാപാരസംബന്ധമായി 1950 മുതൽ ആലുവയിലായി.
മലബാറിലെ ഏറ്റവും വലിയ തിരൂർ ബസ് സ്റ്റാൻഡ്, വാഗൺ ട്രാജഡി ടൗൺഹാൾ, വാണിജ്യ കേന്ദ്രങ്ങൾ, തിരൂർ റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ്, ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ഗുരുവായൂർ മഞ്ജുളാൽ വാണിജ്യകേന്ദ്രം എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ്. തിരൂർ നഗരസഭയുടെ സെൻസസ് ചാർജ് ഓഫീസറായിരിക്കെ പ്രസിഡന്റിന്റെ സെൻസസ് മെഡൽ ലഭിച്ചിട്ടുണ്ട്.
വിരമിച്ചതിന് ശേഷം ടാറ്റാ ഹൗസിംഗ്, ഡി.എൽ.എഫ് എന്നിവിടങ്ങളിൽ കൺസൾട്ടന്റായി. ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂൾ റെസിഡന്റ് മാനേജരുമായി. 1999ൽ ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം പ്ലാറ്റിനം ജൂബിലിയാഘോഷം സംഘടിപ്പിച്ചപ്പോൾ ജനറൽ കൺവീനറായിരുന്നു. .
ബി.ജെ.പിയുടെ ആദരം
ആലുവ: എം.എൻ. സത്യദേവനെ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി പൊന്നാടഅണിയിച്ച് ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുളത്തേരി, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ് എന്നിവർ പങ്കെടുത്തു.